LiveTV

Live

Kerala

പാലക്കാട് ഐഐടി: ഭൂമി വാങ്ങി വനം വകുപ്പിന് കൈമാറാനുള്ള നീക്കം മരവിപ്പിച്ചു

Summary
പാലക്കാട് ജില്ലയില്‍ തന്നെ സര്‍ക്കാര്‍ ഭൂമി ലഭ്യമാണോയെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വനവല്‍ക്കരണത്തിനായി സര്‍ക്കാര്‍ വാങ്ങാനായി കണ്ടെത്തിയ ഭൂമി സര്‍ക്കാരിന്‍റെ ....

പാലക്കാട് ഐഐടിക്കായി കഞ്ചിക്കോട് വനഭൂമി ഏറ്റെടുത്തതിന് പകരം അട്ടപ്പാടിയില്‍ ഭൂമി വാങ്ങി വനം വകുപ്പിന് കൈമാറാനുള്ള നീക്കം മരവിപ്പിച്ചു. പാലക്കാട് ജില്ലയില്‍ തന്നെ സര്‍ക്കാര്‍ ഭൂമി ലഭ്യമാണോയെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വനവല്‍ക്കരണത്തിനായി സര്‍ക്കാര്‍ വാങ്ങാനായി കണ്ടെത്തിയ ഭൂമി സര്‍ക്കാരിന്‍റെ മിച്ചഭൂമിയില്‍പ്പെട്ടതാണെന്നും ഇതില്‍ ആദിവാസി ഭൂമിയുണ്ടെന്നും മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് നടപടി. മീഡിയവണ്‍ ഇംപാക്ട്

പാലക്കാട് ഐഐടിക്കായി 504 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ 44.81 ഏക്കര്‍ വനഭൂമിയാണ്. കേന്ദ്ര വനനിയമപ്രകാരം ഇതിന്‍റെ ഇരട്ടി ഭൂമിയായ 99.62 ഏക്കര്‍ ഭൂമിയില്‍ വനവല്‍ക്കരണം നടത്തി വനം വകുപ്പിന് കൈമാറണം. ഇതിന്റെ ഭാഗമായാണ് അട്ടപ്പാടിയിലെ കോട്ടത്തറ വില്ലേജിലെ നാല് സര്‍വേ നന്പരുകളിലായി 63 ഏക്കര്‍ ഭൂമി വിലക്ക് വാങ്ങാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയത്. വനത്തോട് ചേര്‍ന്ന് റവന്യൂ ഭൂമി ലഭ്യമല്ലാത്തതിനാലാണ് വില കൊടുത്തു വാങ്ങുന്നതെന്നായിരുന്നു റവന്യൂ വകുപ്പിന്‍റെ വിശദീകരണം.

എന്നാല്‍, അട്ടപ്പാടിയില്‍ സര്‍ക്കാരിന്‍റെ അധീനതയില്‍ വനത്തോട് ചേര്‍ന്ന് തന്നെ മിച്ച ഭൂമി ലഭ്യമാണെന്നും സര്‍ക്കാര്‍ വാങ്ങാനുദ്ദേശിക്കുന്ന ഭൂമി സര്‍ക്കാരിന്‍റെ അധീനതയിലുള്ള മിച്ച ഭൂമിയോ ആദിവാസിഭൂമിയോ ആണെന്നുമായിരുന്നു മീഡിയവണ്‍ വാര്‍ത്ത. മാത്രമല്ല, പകരം വനഭൂമിക്കായി ഭൂമി വാങ്ങാനുള്ള നീക്കം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും വിമര്‍ശമുയര്‍ന്നു. ഇതെ തുടര്‍ന്നാണ് ഈ നീക്കം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കൂടാതെ, ജില്ലയില്‍ തന്നെ പകരം സര്‍ക്കാര്‍ ഭൂമി കണ്ടെത്താനും ജില്ലാ കളക്ടര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി.