LiveTV

Live

Kerala

ജിഷ്ണു പ്രണോയുടെ മരണം; കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ വിധി വ്യാഴാഴ്‍ച

ജിഷ്ണു പ്രണോയുടെ മരണം; കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ വിധി വ്യാഴാഴ്‍ച
Summary
ജിഷ്ണു പ്രണോയ് ആത്മഹത്യചെയ്ത കേസില്‍ നെഹ്‍റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ജിഷ്ണു പ്രണോയ് ആത്മഹത്യ കേസില്‍ നെഹ്‍റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വ്യാഴാഴ്ച്ച വിധി പറയും. മാനേജ്മെന്‍റിന്‍റെ പീഢനം സഹിക്കവയ്യാതെയാണ് ജിഷ്ണു ആത്മഹത്യചെയ്തതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ സംഭവം കോളേജിലുണ്ടായ ആകസ്മികസംഭവം മാത്രമാണെന്ന് പ്രതിഭാഗം വാദിച്ചു.

ജിഷ്ണു പ്രണോയ് ആത്മഹത്യചെയ്ത കേസില്‍ നെഹ്‍റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോളേജില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍‌ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് മാനേജ്മെന്‍റ് ജിഷ്ണുവിനെതിരെ തിരിഞ്ഞതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇതിനെ തുടര്‍ന്ന് മാനേജ്മെന്‍റ് ജിഷ്ണുവിനെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി. ചെയര്‍മാന്‍റെ അറിവോടുകൂടെ ആയിരുന്നുഎല്ലാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍ തന്നെ ആത്മഹത്യാപ്രേരണാകുറ്റം നിലനില്‍ക്കും. നേരത്തെ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇടക്കാലമുന്‍കൂര്‍ ജാമ്യം നേടിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപോക്ഷയെ എതിര്‍ത്തുകൊണ്ട് കോടതിയെ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പി കൃഷ്ണദാസിന് യാതൊരുവിധ പങ്കുമില്ലെന്ന് പ്രതിഭാഗം വാദിച്ചു. കോളേജിലുണ്ടായ ആകസ്മിക സംഭവംമാത്രമാണ് ജിഷ്ണുവിന്‍റെ മരണമെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് പോലെ കൃഷ്ണദാസ് ജിഷ്ണുവിനെ മാനസികമായി പീഢിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. കോടതി നിഷ്കര്‍ഷിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു. കേസില്‍ വിധി പറയാനായി മാറ്റിവെച്ച കോടതി പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ പ്രത്യേകം മാര്‍ക്ക് ചെയ്ത് കേസ് ഡയറിയും മറ്റ് രേഖകളും ഹാജരാക്കാനും നിര്‍ദേശിച്ചു. കേസില്‍ പ്രത്യേകപ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് സി.പി ഉദയഭാനുവിനെ നിയമിച്ചതിന് ഹൈകോടതി അംഗീകാരം നല്‍കി.