LiveTV

Live

Kerala

അവള്‍ പ്രതിരോധത്തിന്റെ അഗ്നിഗോളമെന്ന് മമ്മൂട്ടി; ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

അവള്‍ പ്രതിരോധത്തിന്റെ അഗ്നിഗോളമെന്ന് മമ്മൂട്ടി; ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
Summary
സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും പിന്നണി പ്രവര്‍ത്തകരും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.

ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തക തീര്‍ത്ത പ്രതിരോധത്തിന്റെ അഗ്നിഗോളം മനുഷ്യ മനസാക്ഷിക്കുമേല്‍ ആഞ്ഞു പതിക്കുമെന്ന് നടന്‍ മമ്മൂട്ടി. സഹപ്രവര്‍ത്തകക്ക് നേരെ നടന്ന ആക്രമണത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. സിനിമാ കുടുംബത്തില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ ഇനിയൊരിക്കലും ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് ഇന്നസെന്റ് എംപി പറഞ്ഞു. സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും പിന്നണി പ്രവര്‍ത്തകരും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണം ശരിവെച്ച് സിനിമാപ്രവര്‍ത്തകര്‍. ആക്രമണത്തിന് പിന്നലെ ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടു. സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രിമിനല്‍വത്ക്കരണം നടക്കുന്നുണ്ടെന്ന് സംവിധായകന്‍ കമലും പറഞ്ഞു. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് തിരികെ പോരുംവഴി സ്വന്തം വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ മഞ്ജു വാര്യര്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. സിനിമാക്കാര്‍ക്കിടയില്‍ ക്രിമിനല്‍വല്‍കരണം നടക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സംവിധായകന്‍ കമല്‍ ഉന്നയിച്ചത്‍. ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കമല്‍ പറഞ്ഞു. ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.