LiveTV

Live

Kerala

സിപിഐ യോഗത്തില്‍ ബഹളം: മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയുടെ പിഎയ്ക്ക് കുത്തേറ്റു

സിപിഐ യോഗത്തില്‍ ബഹളം: മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയുടെ പിഎയ്ക്ക് കുത്തേറ്റു
Summary
പട്ടാമ്പി ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗത്തിനിടെ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയുടെ പി എ രാധാകൃഷ്ണനെ ഒരു വിഭാഗം കുത്തിപ്പരിക്കേല്പിച്ചു

സിപിഐ പട്ടാമ്പി മണ്ഡലം കമ്മിറ്റിയില്‍ പൊട്ടിത്തെറി. പട്ടാമ്പി ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗത്തിനിടെ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയുടെ പി എ രാധാകൃഷ്ണനെ ഒരു വിഭാഗം കുത്തിപ്പരിക്കേല്‍പിച്ചു. മണല്‍ മാഫിയയില്‍ നിന്ന് രാധാകൃഷ്ണന്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചുവെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്നാല്‍ ഭൂമാഫിയയ്ക്ക് വഴങ്ങാത്തതിന്റെ പേരില്‍ തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് സിപിഐ പട്ടാമ്പി ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗം നടന്നപ്പോഴാണ് വിവാദമായ സംഭവങ്ങളുണ്ടായത്. യോഗ സ്ഥലത്ത് ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി അഭിലാഷിനൊപ്പം എത്തിയ നാല് പേര്‍ രാധാകൃഷ്ണനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും കത്തി വീശി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. രാധാകൃഷ്ണന്‍ മണല്‍മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്തത് സംഘര്‍ഷത്തില്‍ കലാശിച്ചുവെന്നാണ് സിപിഐയിലെ ഒരു വിഭാഗം പറയുന്നത്.

എന്നാല്‍ ഭൂമാഫിയയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരിക്കുന്ന തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം നടക്കുന്നുവെന്നാണ് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയുടെ പ്രതികരണം. രാധാകൃഷ്ണനെ പ്രകോപിപ്പിച്ച് തിരിച്ചടിപ്പിക്കാനും അങ്ങനെ കുടുക്കാനുമുള്ള ശ്രമമായിരുന്നുവെന്ന് മുഹ്‌സിന്‍ ക്യാമ്പ് കരുതുന്നു. സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജിന്‌റെ നേതൃത്വത്തിലുള്ള വിഭാഗവും മുഹമ്മദ് മുഹ്‌സിനെ അനുകൂലിക്കുന്നവരും തമ്മിലുള്ള ചേരിപ്പോര് ഈ സംഭവത്തിലൂടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ പോലീസ് കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് മുഹ്‌സിന്‍ വിഭാഗത്തിന്റെ തീരുമാനം.