LiveTV

Live

Kerala

ഡിവൈഎഫ്‌ഐ ദേശീയസമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

Summary
ആകെ അനുവദിച്ച 8 മണിക്കൂറില്‍ 7 മണിക്കൂര്‍ ചര്‍ച്ചയും പൂര്‍ത്തിയായപ്പോള്‍ രൂക്ഷമായ വിമര്‍ശനമാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്നത്.

ഡിവൈഎഫ്‌ഐ ദേശീയസമ്മേളനത്തില്‍ കേന്ദ്രനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. സംഘടനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ച നാളെ സമാപിക്കും.

ആകെ അനുവദിച്ച 8 മണിക്കൂറില്‍ 7 മണിക്കൂര്‍ ചര്‍ച്ചയും പൂര്‍ത്തിയായപ്പോള്‍ രൂക്ഷമായ വിമര്‍ശനമാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്നത്. ദേശിയതലത്തില്‍ സംഘടനയെ വളര്‍ത്താന്‍ ഉത്തരവാദിത്വപ്പെട്ട കേന്ദ്രനേതൃത്വം ചുമതലയില്‍ പരാജയപ്പെട്ടതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘടന വളര്‍ത്തുന്നതില്‍ വലിയ പരാജയമാണ് നേതൃത്വം.

ദുര്‍ബലസംസ്ഥാനങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്തത് ചുമതലപ്പെട്ടവരുടെ വീഴ്ച്ചയാണ്. ആം ആദ്മി പോലുള്ളവ യുവാക്കളില്‍ സ്വാധീനം ചെലുത്തുന്‌പോളും പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്‌ഐ ഇക്കാര്യത്തില്‍ പരാജയപ്പെടുകയാണ്. മുഴുവന്‍സമയനേതാക്കള്‍ നേതൃത്വത്തിലില്ലാത്തത് ഗുരുതരവീഴ്ച്ചയാണെന്നും ആരോപണമുയര്‍ന്നു.

ജമ്മുകശ്മീരില്‍ ബിജെപിയും പിഡിപിയും കൈകോര്‍ത്തതോടെ മതേതരത്വം വലിയ ഭീഷണി നേരിടുകയാണ്. എന്നാല്‍ സാധ്യതയുണ്ടായിട്ടും അതറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സംഘടന ശ്രമിക്കുന്നില്ലെന്ന് അവിടെനിന്നുള്ള ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ തയ്യാറാകണമെന്നും വനിതപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഗോത്രവര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ച് നില്‍ക്കുന്ന സംഘടനയുടെ നിലപാടും രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി. അവയവദാനത്തിനുള്ള പ്രതിനിധികളുടെ സമ്മതപത്രം സമ്മേളനത്തിനിടെ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപുറത്തിന് കൈമാറി.