LiveTV

Live

Kerala

ശോഭായാത്രക്ക് ബദലായി നമ്മളൊന്ന് ഘോഷയാത്രയുമായി സിപിഎം

ശോഭായാത്രക്ക് ബദലായി നമ്മളൊന്ന് ഘോഷയാത്രയുമായി സിപിഎം
Summary
ചട്ടമ്പിസ്വാമി ദിനം മുതല്‍ അയ്യങ്കാളി ദിനം വരെ നീളുന്ന അഞ്ച് ദിവസത്തെ വര്‍ഗീയ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ്

സംഘപരിവാര്‍ സംഘടനകളുടെ ശോഭായാത്രക്ക് ബദലായി സംസ്ഥാന വ്യാപകമായി നമ്മളൊന്ന് എന്ന പേരില്‍ സി.പി.എം വര്‍ഗീയ വിരുദ്ധ ഘോഷയാത്ര സംഘടിപ്പിച്ചു. ബി.ജെ.പി -സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍, ഘോഷയാത്രകളില്‍ ആയിരങ്ങളെ അണിനിരത്തിയാണ് പാര്‍ട്ടി ശക്തി തെളിയിച്ചത്.

ചട്ടമ്പിസ്വാമി ദിനം മുതല്‍ അയ്യങ്കാളി ദിനം വരെ നീളുന്ന അഞ്ച് ദിവസത്തെ വര്‍ഗീയ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് നമ്മളൊന്ന് എന്ന പേരില്‍ സി.പി.എം ഘോഷയാത്രകള്‍ സംഘടിപ്പിച്ചത്. ശ്രീ നാരായണഗുരുവും വാഗ്ഭടാനന്ദനും അടക്കമുളള നവോത്ഥാന നായകരുടെയും പാര്‍ട്ടി നേതാക്കളുടെയും നിശ്ചല ദൃശ്യങ്ങള്‍ക്കൊപ്പം തെയ്യവും തിടമ്പ് നൃത്തവുമടക്കമുളള അനുഷ്ഠാന കലകളും ഘോഷയാത്രയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരുന്ന പരിപാടിയായിരുന്നെങ്കിലും കണ്ണൂര്‍ ജില്ലയിലെ ഘോഷയാത്രകള്‍ പാര്‍ട്ടിയുടെ ശക്തി പ്രകടനങ്ങളായി മാറി. ജില്ലയിലെ 206 കേന്ദ്രങ്ങളിലായിരുന്നു സി.പി.എം ഘോഷയാത്രകള്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ബക്കളത്ത് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നിര്‍വഹിച്ചു.

രാവിലെ മുതല്‍ വിവിധ പ്രദേശങ്ങളില്‍ ഘോഷയാത്രയുടെ ഭാഗമായി സി.പി.എം പായസ വിതരണവും നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷക്ക് നടുവിലായിരുന്നു കണ്ണൂരില്‍ ഇരുവിഭാഗത്തിന്റെയും ഘോഷയാത്രകള്‍ നടന്നത്.