LiveTV

Live

Kerala

പി സി ജോര്‍ജിനെതിരെ വനിതാ കമ്മീഷന് നിയമപരമായ നടപടിയെടുക്കാം: സ്പീക്കര്‍

പി സി ജോര്‍ജിനെതിരെ വനിതാ കമ്മീഷന് നിയമപരമായ നടപടിയെടുക്കാം: സ്പീക്കര്‍
Summary
ആക്രമിക്കപ്പെട്ട നടിയെയും വനിതാ കമ്മീഷനെയും അവഹേളിച്ച പി സി ജോര്‍ജിന്‍റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന് നിയമപരമായ നടപടി സ്വീകരിക്കാമെന്ന് സ്പീക്കര്‍

ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ നടപടികളുമായി മുന്നോട്ട് പോകാന്‍ വനിതാ കമ്മീഷന് സ്പീക്കറുടെ അനുമതി. മൊഴിയെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തടസ്സങ്ങളൊന്നുമില്ലെന്ന് സ്പീക്കര്‍ കമ്മീഷനെ അറിയിച്ചു. ഇതോടെ കേസ് അന്വേഷിക്കുന്ന വനിതാ കമ്മീഷന്‍ ഡയറക്ടര്‍ വിയു കുര്യാക്കോസ് പി സി ജോര്‍ജിന് നോട്ടീസ് നല്‍കും.

എംഎല്‍എ ആയതിനാല്‍ പി സി ജോര്‍ജിന്‍റെ മൊഴിയെടുക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് കമ്മീഷന്‍ സ്പീക്കറെ സമീപിച്ചത്. നിയമപ്രകാരം എംഎല്‍എയുടെ മൊഴിയെടുക്കാന്‍ സ്പീക്കറുടെ അനുമതി വേണ്ടങ്കിലും പിന്നീട് വിവാദമാകാതിരിക്കാനാണ് കമ്മീഷന്‍ പി ശ്രീരാമകൃഷ്ണനെ സമീപിച്ചത്. നിയമപ്രകാരമുള്ള ഏത് നടപടികളും ജോര്‍ജിനെതിരെ സ്വീകരിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി. മൊഴിയെടുക്കന്നത് അടക്കമുള്ള ഒരു നടപടികളോടും തടസ്സവാദങ്ങളൊന്നും ഇല്ലെന്നും അറിയിച്ചു.

ഈ സാഹചര്യത്തില്‍ മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് കാണിച്ച് കേസ് അന്വേഷിക്കുന്ന വിയു കുര്യാക്കോസ് പി സി ജോര്‍ജിന് നോട്ടീസ് നല്‍കും. പി സി ജോര്‍ജിന്‍റെ മറുപടി അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍. വിശദമായി പരിശോധിച്ചതിന് ശേഷമേ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവെന്ന് വിയു കുര്യാക്കോസ് അറിയിച്ചു.