LiveTV

Live

Kerala

പാമ്പാടുംപാറ കോളനിയിലേക്ക് റോഡിനുപകരം ചെളിക്കുഴികള്‍

Summary
ദിവസവും നൂറോളം കുട്ടികള്‍ ദുര്‍ഘടമായ പാത താണ്ടിയാണ് സ്കൂളില്‍ എത്തുന്നത്

ഇടുക്കി പാമ്പാടും പാറ അംബേദക്കര്‍ ഹരിജന്‍ കോളനിയിലെ 3000ത്തോളം ആളുകള്‍ക്ക് പുറം ലോകത്ത് എത്തണമെങ്കില്‍ കിലോമീറ്ററോളം ചെളിക്കുഴികള്‍ താണ്ടണം. റോഡു വേണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ ഇതുവരെ കനിഞ്ഞിട്ടില്ല..

കുമളി മൂന്നാര്‍ സംസ്ഥാനപാതയില്‍ പാമ്പാടും പാറയില്‍ ആണ് അംബേദക്കര്‍ ഹരിജന്‍ കോളനി സ്ഥിതിചെയ്യുന്നത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, പത്ത്, പതിനൊന്ന് വാര്‍ഡുകളും ഈ കോളനിയോടു ചേര്‍ന്നാണ് ഉള്ളത്. കോളനി നിവാസികള്‍ ഉള്‍പടെ 3000ത്തോളം തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ദിവസവും നൂറോളം കുട്ടികള്‍ ദുര്‍ഘടമായ പാത താണ്ടിയാണ് സ്കൂളില്‍ എത്തുന്നത്.

സമീപകാലത്ത് നാട്ടുകാരുടെ ശ്രമഫലമായി റോഡ് വെട്ടിയെങ്കിലും അധികൃതരുടെ സഹായമില്ലാത്തതിനാല്‍ അത് പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല. രോഗം ബാധിച്ചവരെപോലും കിലോമീററരുകളോളം സ്ട്രക്ച്ചറില്‍ ചുമന്നാണ് ആശുപത്രിയില്‍ എത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ തെളിച്ച പാതയുടെ ഇരുവശവും താമസിക്കുന്നവര്‍ റോഡിനായി സ്ഥലം വിട്ടു നല്‍കിയിരുന്നു.

അരനൂറ്റാണ്ട് പഴക്കമുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍.