LiveTV

Live

Kerala

വാളയാര്‍ സംയോജിത ചെക്ക് പോസ്റ്റ് നടപ്പാക്കുവാന്‍ കടമ്പകളേറെ

Summary
അഴിമതിരഹിതവും കാര്യക്ഷമവുമായ ചെക്ക് പോസ്‌ററ് സംവിധാനം ഒരുക്കുന്നതിന് ആവശ്യമായ ജീവനക്കാരും വാളയാറിലില്ല.

വാളയാറില്‍ സംയോജിത ചെക്ക് പോസ്റ്റ് എന്ന ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുവാന്‍ കടമ്പകളേറെ. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതേ പ്രഖ്യാപനമുണ്ടായിരുന്നങ്കിലും സ്ഥലമേറ്റെടുക്കലടക്കം ഒരു നടപടിയും പൂര്‍ത്തിയായിരുന്നില്ല. അഴിമതിരഹിതവും കാര്യക്ഷമവുമായ ചെക്ക് പോസ്‌ററ് സംവിധാനം ഒരുക്കുന്നതിന് ആവശ്യമായ ജീവനക്കാരും വാളയാറിലില്ല. എങ്കിലും പുതിയ പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് ജീവനക്കാരും വ്യാപാരികളും കാണുന്നത്.

വാളയാര്‍ ചെക്‌പോസ്റ്റിലെ നികുതി ചോര്‍ച്ചയും അഴിമതിയും തടയാനാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാറിന്റെ കാലത്ത് തോമസ് ഐസക് അഴിമതിരഹിതവാളയാര്‍ പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ആര്‍ടിഒ, വാണിജ്യ നികുതി, എക്‌സൈസ് വിഭാഗങ്ങളെ യോജിപ്പിച്ച് സംയോജിത ചെക്‌പോസ്റ്റും വിഭാവനം ചെയ്തിരുന്നു. എന്നാല്‍ പദ്ധതിക്കാവശ്യമായ 30 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങിയതോടെ പദ്ധതി നിലച്ചു. സിസിടിവി സ്‌കാനര്‍, തുടങ്ങിയ
ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കലും എങ്ങുമെത്തിയില്ല. യുഡിഎഫ് സര്‍ക്കാരാകട്ടെ ചെക്ക്‌പോസ്റ്റ് നവീകരണത്തിനുള്ള കാര്യക്ഷമമായ ഒരു പദ്ധതിയും നടപ്പാക്കിയില്ല. വീണ്ടും അത്യാധുനിക സൌകര്യങ്ങളുള്ള സംയോജിത ചെക്ക്‌പോസ്റ്റ് സ്ഥാപിക്കും എന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ പ്രതീക്ഷയിലാണ് ജീവനക്കാര്‍.

ജിഎസ്ടി നടപ്പാകുന്നതോടെ അത്യാധുനിക ഡാറ്റാ കളക്ഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്ററായി ചെക്‌പോസ്റ്റുകള്‍ മാറുമെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം. സിസിടിവി, സ്‌കാനര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളിലൂടെ ചെക്‌പോസ്റ്റിലെ നടപടികള്‍ വേഗത്തിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറം വാളയാര്‍ ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിന് പോലും സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുന്നില്ലന്നും ആക്ഷേപമുണ്ട്. 72 ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് നാല്‍പത് പേര്‍ മാത്രമാണ് ഇവിടെയുളളത്.