LiveTV

Live

Kerala

പാതയോരത്തെ കള്ളുഷാപ്പുകള്‍ മാറ്റാന്‍ കഴിയുമോന്ന് കേരളത്തോട് സുപ്രിംകോടതി

പാതയോരത്തെ കള്ളുഷാപ്പുകള്‍ മാറ്റാന്‍ കഴിയുമോന്ന് കേരളത്തോട് സുപ്രിംകോടതി
Summary
ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

പാതയോരത്തെ മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനാകുമോ എന്ന് കേരളത്തോട് സുപ്രീംകോടതി. മാറ്റിസ്ഥാപിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്താണെന്ന് കേരളം വ്യക്തമാക്കണമെന്നും കോടതി. ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ കള്ള് ഷാപ്പുകൾ മാറ്റി സ്ഥാപിക്കാൻ കഴിയുമോയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി ചോദിച്ചത്. ഇക്കാര്യത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കള്ളിനോ മദ്യത്തിനോ നിരോധനമല്ല നിയന്ത്രണമാണ് കോടതി ഏർപ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണം ഏർപ്പെടുത്തിയത് തൊഴിലാളികളുടെ ഉപജീവനത്തെ എങ്ങനെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

പാതയോരങ്ങളിൽ മദ്യവിൽപ്പന തടഞ്ഞ ഉത്തരവിൽ നിന്ന് കള്ളുഷാപ്പുകളെ ഒഴിവാക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരമ്പരാഗത വ്യവസായമായ കള്ള് ഷാപ്പുകൾക്ക് വിധിയിൽ നിന്ന് ഇളവ് നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. കള്ളുഷാപ്പുകൾ ഒഴികെയുള്ള മദ്യശാലകൾ ഹൈവേകളിൽ നിന്ന് മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് കള്ളുഷാപ്പുകളെ മാറ്റുന്നതിനുള്ള ബുദ്ധിമുട്ടെന്തെന്നറിയിക്കാൻ കോടതി നിർദ്ദേശിച്ചത്.