LiveTV

Live

Kerala

കുമരകത്ത് സൗദി ബാലന്‍ മരിച്ച സംഭവം; സൗദി കോണ്‍സിലേറ്റ്‌ അംഗം എസ്പിയുമായി കൂടിക്കാഴ്ച നടത്തി

കുമരകത്ത് സൗദി ബാലന്‍ മരിച്ച സംഭവം; സൗദി കോണ്‍സിലേറ്റ്‌ അംഗം എസ്പിയുമായി കൂടിക്കാഴ്ച നടത്തി
Summary
കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് കൗണ്‍സിലേറ്റ്‌ പ്രതിനിധികള്‍ എസ് പിയോട് ആവശ്യപ്പെട്ടു.

കുമരകത്തെ അവാദ റിസോര്‍ട്ടില്‍ സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ സൗദി കോണ്‍സിലേറ്റ്‌ അംഗങ്ങള്‍ കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച നടത്തി. കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍സിലേറ്റ്‌ പ്രതിനിധികള്‍ എസ് പിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുമെന്ന് എസ് പി അറിയിച്ചു. കഴിഞ്ഞ മാസമാണ് സൌദി സ്വദേശിയായ അഹമ്മദ് ഹംദാനും കുടുംബവും കുമരകത്തെ അവാദ റിസോര്‍ട്ടില്‍ അവധി ആഘോഷിക്കാനായി എത്തിയത്.

റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ ഇറങ്ങിയ മകനായ അലാദിന്‍ മജീദ് ഷോക്ക് ഏറ്റ് മരിക്കുകയായിരുന്നു. എന്നാല്‍ പൊലീസും റിസോര്‍ട്ട് ഉടമയും ചേര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി മാതാപിതാക്കള്‍ തന്നെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് സൌദി കൌണ്‍സിലേറ്റ് നേരിട്ട് എത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചത്. കോട്ടയം എസ് പിയുമായി കൂടികാഴ്ച നടത്തിയ ഇവര്‍ അന്വേഷണം ശരിയായ രീതിയില്‍ നടത്തണമെന്ന് എസ് പിയോട് ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ എസ്പിയുട ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.

ഇതേതുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും ഇതിനായി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്കുമെന്നും എസ് പി അറിയിച്ചു. നേരത്തെ കുമരകം പൊലീസാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇവര്‍ പണം വാങ്ങി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം മാതാപിതാക്കള്‍ മീഡിയവണ് മുഖേന പറഞ്ഞിരുന്നു. ശരിയായ രീതിയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും മാതാപിതാക്കള്‍ കത്ത് നല്കിയിരുന്നു.