LiveTV

Live

Kerala

സ്വാശ്രയം: സര്‍ക്കാരിനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും ഹൈക്കോടതി വിമര്‍ശം

സ്വാശ്രയം: സര്‍ക്കാരിനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും ഹൈക്കോടതി വിമര്‍ശം
Summary
സ്വാശ്രയ പ്രവേശനത്തില്‍ കോളജുകളെ സഹായിക്കാനാണ് സര്‍ക്കാരും എന്‍ട്രന്‍സ് കമ്മീഷണറും ശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞു

സ്വാശ്രയ കേസില്‍ സര്‍ക്കാരിനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സര്‍ക്കാരും കമ്മീഷണറും മാനേജ്‌മെന്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കോടതിയുടെ വിമര്‍ശം. എന്‍ട്രന്‍സ് കമ്മീഷണര്‍ നേരിട്ട് ഹാജരായാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഹരജിയില്‍ വാദം തുടരുകയാണ്.

സ്വാശ്രയ പ്രവേശനത്തില്‍ കോളജുകളെ സഹായിക്കാനാണ് സര്‍ക്കാരും എന്‍ട്രന്‍സ് കമ്മീഷണറും ശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞു. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഇത്തരം ഫ്യൂഡല്‍ ബ്യൂറോക്രാറ്റിക് സമീപനം പ്രതീക്ഷിച്ചില്ലെന്ന് കേസില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് പറഞ്ഞു. തുടക്കം മുതല്‍ സര്‍ക്കാര്‍ ഫ്യൂഡല്‍ രീതിയാണ് സ്വീകരിക്കുന്നത്. എന്‍ട്രന്‍സ് കമ്മീഷണര്‍ എല്ലാ സംവിധാനങ്ങളും തകര്‍ക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് കമ്മീഷണറോ സര്‍ക്കാരോ ചിന്തിക്കുന്നില്ല. സീറ്റ് അലോട്ട്‌മെന്റ് നടത്താന് കമ്മീഷണര്‍ക്ക് വ്യക്തമായ പദ്ധതിയില്ല. ബാങ്ക് ഗാരണ്ടി പ്രിന്‍സിപ്പലിന്റെ പേരില്‍ നല്‍കാന്‍ പറഞ്ഞത് എന്തിനെന്നും കോടതി ചോദിച്ചു. ന്യൂനപക്ഷ മാനേജ്‌മെന്റ് ക്വാട്ട തീരുമാനിക്കുന്നതില്‍ ന്യൂനപക്ഷത്തെ തീരുമാനിക്കുന്ന അതോറിറ്റി ആരാണെന്ന് വ്യക്തമാക്കണം. റവന്യു അധികൃതരാണോ പള്ളി ഖാസിയോ ബിഷപ്പോ ആരാണെന്ന് വ്യക്തമല്ല.

സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട ഹരജികള്‍ ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശം. എന്‍ട്രന്‍സ് കമ്മിഷണര്‍ സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവുകളും രേഖകളും ഹാജരാക്കാന്‍ ഇന്നലെ എജിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് എന്‍ട്രന്‍സ് കമ്മീഷണര്‍ കോടതിയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിച്ചത്.