LiveTV

Live

Kerala

താഴ്‍ന്ന ജാതിക്കാരിയായതിനാലാണ് ഇ.എം.എസ് മുഖ്യമന്ത്രിയാക്കാതിരുന്നത്; ഗൗരിയമ്മ

താഴ്‍ന്ന ജാതിക്കാരിയായതിനാലാണ് ഇ.എം.എസ് മുഖ്യമന്ത്രിയാക്കാതിരുന്നത്; ഗൗരിയമ്മ
Summary
ഗൌരിയമ്മ മുഖ്യമന്ത്രിയാവുമെന്ന് പ്രചരിപ്പിച്ച് വിജയിച്ച തെരഞ്ഞെടുപ്പിന് ശേഷം ഇ.എം.എസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത് താണ ജാതിക്കാരിയായതിനാലാണെന്നും ഗൗരിയമ്മ പറഞ്ഞു

കെ ആര്‍ ഗൗരിയമ്മ 99ആം പിറന്നാളിന്റെ നിറവിലേക്ക്. 1919 ജൂലൈ 14ന് മിഥുനമാസത്തിലെ തിരുവോണം നക്ഷത്രത്തില്‍ ജനിച്ച ഗൌരിയമ്മ നാളെയാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. രാഷ്ട്രീയത്തില്‍ തനിക്കുള്ള പരാതികളും പരിഭവങ്ങളും 99ആം പിറന്നാളാഘോഷ വേളയിലും ഗൌരിയമ്മ മറച്ചുവെക്കുന്നില്ല.

ആലപ്പുഴക്കാര്‍ക്ക് കുഞ്ഞമ്മയായ ഗൗരിയമ്മയുടെ പിറന്നാളിന് ആശംസകള്‍ നേരാന്‍ നിരവധിയാളുകളാണ് ചാത്തനാട്ടെ വസതിയിലെത്തുക. മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് താന്‍ പിറന്നാളിന് ക്ഷണിക്കുന്നതെന്ന് ഗൌരിയമ്മ പറഞ്ഞു. ഇതോടൊപ്പം, തന്റെ പാര്‍ട്ടിയായ ജെ.എസ്.എസ് ഇടതു മുന്നണിക്കൊപ്പം നിന്നിട്ടും ഘടകകക്ഷിയാക്കുന്ന കാര്യം പറയാന്‍ വൈക്കം വിശ്വനോ കോടിയേരി ബാലകൃഷണനോ വന്നില്ലെന്ന പരിഭവവും മാധ്യമ പ്രവര്‍ത്തകരോട് പങ്കുവെച്ചു. പണ്ട് ഗൌരിയമ്മ മുഖ്യമന്ത്രിയാവുമെന്ന് പ്രചരിപ്പിച്ച് വിജയിച്ച തെരഞ്ഞെടുപ്പിന് ശേഷം ഇ.എം.എസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത് താണ ജാതിക്കാരിയായതിനാലാണെന്നും ഗൗരിയമ്മ പറഞ്ഞു. അതിലൊന്നും തനിക്കൊരു പരിഭവവുമില്ലെന്നും മന്ത്രിയോ മുഖ്യമന്ത്രിയോ രാഷ്ട്രീയക്കാരിയോ എന്നതൊന്നും പരിഗണിക്കാതെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചയാളാണ് താനെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.