LiveTV

Live

Kerala

വയനാട് മണ്‍സൂണ്‍ ടൂറിസം കാര്‍ണിവലിന് തുടക്കം

Summary
ഓഫ് റോഡ് റേസ്, മഡ്ഫുട്‌ബോള്‍, മണ്‍സൂണ്‍ മാരത്തോണ്‍ തുടങ്ങിയ പരിപാടികളും സ്പ്ലാഷിന്റെ ഭാഗമായി നടക്കും...

വയനാട് മണ്‍സൂണ്‍ ടൂറിസം കാര്‍ണിവലിന് തുടക്കമായി. ടൂറിസം വകുപ്പിന്റെ പിന്തുണയോടെ വയനാട് ടൂറിസം ഓര്‍ഗനൈസേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടൂറിസം സംരഭകര്‍ പങ്കെടുക്കും.

വയനാട്ടിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വും ദിശാ ബോധവും നല്‍കിയ മണ്‍സൂണ്‍ ടൂറിസം കാര്‍ണിവലിന്റെ ഏട്ടാം എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 450 ടൂറിസം സംരഭകര്‍ പങ്കെടുക്കുന്ന ബിടുബി മീറ്റാണ് കാര്‍ണിവലിലെ മുഖ്യ പരിപാടി. സ്പ്ലാഷ് 2017 എന്ന പേരിട്ടിരിക്കുന്ന മേള 9 ദിവസം നീണ്ടു നില്‍ക്കും. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.

ഓഫ് റോഡ് റേസ്, മഡ്ഫുട്‌ബോള്‍, മണ്‍സൂണ്‍ മാരത്തോണ്‍ തുടങ്ങിയ പരിപാടികളും സ്പ്ലാഷിന്റെ ഭാഗമായി നടക്കും. ഒമ്പത് ദിവസവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മണ്‍സൂണ്‍ കാലത്ത് വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ എട്ടു വര്‍ഷ മുമ്പാണ് വയനാട് മണ്‍സൂണ്‍ ടൂറിസം കാര്‍ണിവലിന് തുടക്കം കുറിച്ചത്.