LiveTV

Live

Kerala

ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്ക് സര്‍വ്വത്ര ആശയക്കുഴപ്പം

ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്ക് സര്‍വ്വത്ര ആശയക്കുഴപ്പം
Summary
പ്രായോഗിക തലത്തില്‍ വേണ്ട മുന്നൊരുക്കങ്ങളൊന്നും പൂര്‍ത്തിയാക്കാതെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിലേക്ക് രാജ്യം ഇന്ന് അര്‍ധരാത്രിമുതല്‍ കടക്കുന്നത്.

രാജ്യം ഒറ്റനികുതിയിലേക്ക് മാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുളളത് സര്‍വ്വത്ര ആശയക്കുഴപ്പങ്ങള്‍. പുതിയ നികുതി സംവിധാനത്തില്‍ നാളെ മുതല്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നതെന്ന കാര്യത്തില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. നികുതി പിരിച്ചെടുക്കേണ്ടതിനുള്ള സോഫ്റ്റ്‌വെയര്‍ പോലും പൂര്‍ണതോതില്‍ സജ്ജമല്ല.

പ്രായോഗിക തലത്തില്‍ വേണ്ട മുന്നൊരുക്കങ്ങളൊന്നും പൂര്‍ത്തിയാക്കാതെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിലേക്ക് രാജ്യം ഇന്ന് അര്‍ധരാത്രിമുതല്‍ കടക്കുന്നത്. സംസ്ഥാനങ്ങളില്‍ ജിഎസ്ടി നടത്തിപ്പിന്റെ മേല്‍നോട്ടക്കാരായ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നാളെ മുതല്‍ എന്താണ് തങ്ങളുടെ ജോലിയെന്ന് ഒരു തിട്ടവുമില്ല. ജിഎസ്ടിഎന്‍ എന്ന സോഫ്റ്റ്‌വെയര്‍ വഴിയാണ് രാജ്യത്തെ മുഴുവന്‍ ജി എസ് ടി കണക്കുകളും രേഖപ്പെടുത്തുക. ഈ സോഫ്റ്റ്‌വെയര്‍ ഇതുവരെ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല.

നാളെ മുതല്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കും നികുതി ബാധകമാണ്. പക്ഷെ, ഇതെങ്ങനെ പിരിച്ചെടുക്കുമെന്നോ നിരീക്ഷിക്കുമെന്നോ വ്യക്തമല്ല. ജിഎസ്ടി നടപ്പിലാകുന്നതോടെ ചെക്‌പോസ്റ്റുകള്‍ ഡാറ്റാ കളക്ഷന്‍ സെന്റര്‍ മാത്രമാകും. എന്നാല്‍ ജൂണ്‍ മുപ്പതിന് മുമ്പ് ബില്ല് ചെയ്ത സാധനങ്ങള്‍ ചെക്‌പോസ്റ്റുകളിലെത്തുമ്പോള്‍ എന്തുചെയ്യണമെന്ന് ഒരു നിര്‍ദേശവുമില്ല. ഇതുവലിയ നികുതി വെട്ടിപ്പിന് വഴിവെക്കും.

നികുതി വെട്ടിപ്പ് കണ്ടെത്തിയാല്‍ എന്തുചെയ്യണമെന്നോ പിടിച്ചെടുക്കുന്ന സാധനങ്ങളും വാഹനങ്ങളും എവിടെ സൂക്ഷിക്കണമെന്നോ വാണിജ്യനികുതി വകുപ്പിന് നിര്‍ദേശമില്ല. പൊലീസ് ഇവ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും ഈ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കാനാണ് സാധ്യത.