LiveTV

Live

Kerala

ചികിത്സാ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലെന്ന് പരാതി

ചികിത്സാ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലെന്ന് പരാതി
Summary
ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും, അനസ്‌തേഷ്യ നല്‍കുമ്പോള്‍ അപൂര്‍വ്വം ചിലരുടെ ശരീരം പ്രതികൂലമായി പ്രതികരിക്കാറുണ്ടെന്നും, അതാണ് അബിക്ക് സംഭവിച്ചതെന്നും നായേഴ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു...

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലായെന്ന് പരാതി. കഴിഞ്ഞ 11 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്താലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അബിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് മയക്കാനുള്ള മരുന്നിന്റെ അളവ് കൂടിയതാണ് ജീവന്‍ അപകടത്തിലാക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി.

കഴിഞ്ഞ മാസം 27 നാണ് സൈക്കിളില്‍ നിന്ന് വീണ് കൈ ഒടിഞ്ഞ അബിയെ കൊല്ലം നായേഴ്‌സ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിക്കുന്നത്. അടുത്ത ദിവസം കൈ ശസ്ത്രക്രിയ ചെയ്യാനായ് ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക് മാറ്റി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനാലാണ് പിതാവ് അയ്യപ്പന്‍ ഡോക്ടറോട് കാര്യം തിരക്കിയത്. മയങ്ങാനുള്ള മരുന്ന് നല്‍കിയപ്പോള്‍ അബി യുടെ ആരോഗ്യം ഗുരുതരമായെന്നാണ് ലഭിച്ച മറുപടി. എന്നാല്‍ ഇത് വിശ്വസിക്കുന്നില്ലെന്നും ചികിത്സാ പിഴവാണ് ജീവന്‍ അപകടത്തിലാവാന്‍ കാരണമെന്നും അബിയുടെ പിതാവ് അയ്യപ്പന്‍ പറഞ്ഞു.

തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയ അബി ഇപ്പോഴും വെന്റിലേറ്ററിലാണ്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ ചികിത്സാ ചെലവ്. എന്നാല്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും, അനസ്‌തേഷ്യ നല്‍കുമ്പോള്‍ അപൂര്‍വ്വം ചിലരുടെ ശരീരം പ്രതികൂലമായി പ്രതികരിക്കാറുണ്ടെന്നും, അതാണ് അബിക്ക് സംഭവിച്ചതെന്നും നായേഴ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു.