LiveTV

Live

Kerala

സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ഏക്കർ വനഭൂമിയിൽ കുടിയേറ്റം

സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ഏക്കർ വനഭൂമിയിൽ കുടിയേറ്റം
Summary
.കണ്ടെത്തൽ റവന്യൂ-വനം വകുപ്പുകൾ നടത്തിയ പരിശോധനയിൽ. ഏറ്റവും കൂടുതൽ കുടിയേറ്റം ഇടുക്കിയിൽ.

സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ഏക്കർ വനഭൂമിയിൽ കുടിയേറ്റം. റവന്യൂ-വനം വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ കുടിയേറ്റം നടന്നത്.കുടിയേറ്റം നടന്നതിനുളള രേഖകൾ മീഡിയവണ്ണിന് ലഭിച്ചു.

വനഭൂമിയിലെ കയ്യേററം ക്രമപ്പെടുത്തുന്നതിനുളള ഭൂ പതിവ് ചട്ടം അനുസരിച്ചാണ് വനം-റവന്യൂ വകുപ്പുകൾ പരിശോധന നടത്തിയത്.2016 ജൂൺ വരെ നടത്തിയ പരിശോധനയിൽ 86,163 ഏക്കർ വനപ്രദേശം കുടിയേറിതായി കണ്ടെത്തി.

ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ കുടിയേറ്റം നടന്നത്.63,407 ഏക്കർ. തൃശൂരിൽ 6802ഉം പത്തനംതിട്ടയിൽ 5136ഉം പാലക്കാട് 2400ഉം കൊല്ലത്ത് 1824ഉം കോട്ടയത്ത് 1763ഉം ഏക്കർ വനഭൂമി കുടിയേററക്കാരുടെ കയ്യിലാണ്. എറണാകുളത്ത് 1764 ഏക്കർ, വയനാട്-747 ഏക്കർ, മലപ്പുറം-747 ഏക്കർ എന്നിങ്ങനെയാണ് വനഭൂമിയിലെ കുടിയേറ്റം. ഏറ്റവും കുറവ് കുടിയേറ്റം നടന്നത് കണ്ണൂർ ജില്ലയിലാണ്.23 ഏക്കർ. 1993ൽ കേന്ദ്ര അനുമതി ലഭിച്ച 71,471 ഏക്കർ വനഭൂമിയിൽ 60000ഏക്കറിന് പട്ടയം നൽകിയിട്ടുണ്ട്. ഇനി ബാക്കിയുളളത് 11,471 ഏക്കറും.

ഇപ്പോൾ കണ്ടെത്തിയ കുടിയേറ്റം കൂടി ചേർത്താൽ 97,634 ഏക്കറിന് പട്ടയം നൽകേണ്ടി വരും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറ അനുമതി ഇല്ലാതെ വനഭൂമിക്ക് പട്ടയം നൽകാനാവില്ലെന്നിരിക്കെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് മാത്രമായി തുടർനടപടികൾ സ്വീകരിക്കാനാവില്ല. 1977 ജനുവരി ഒന്നിന് മുൻപ് കടിയേറിയവർക്കാണ് പട്ടയത്തിന് അർഹതയുളളത്.എന്നാൽ സർക്കാർ ഇപ്പോൾ തയ്യാറാക്കിയ പട്ടകയിൽ ഇതിന് ശേഷമുളളവരുമുണ്ട്. ഉമ്മൻചാണ്ടി സർക്കാർ കാലപരിധി 77ൽ നിന്ന് 2005ആക്കി മാറ്റിയിരുന്നെങ്കിലും കടുത്ത എതിർപ്പുയർന്നതോടെ പിൻവലിക്കുകയായിരുന്നു.