LiveTV

Live

Kerala

മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്കില്‍

മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്കില്‍
Summary
മൂന്ന് വര്‍‌ഷത്തേക്ക് ബോണ്ട് നിശ്ചയിച്ച് പ്രോസ്പെക്ടസ് ഇറക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാര്‍ സൂചന പണിമുടക്ക് നടത്തുന്നു. ഒ പി ബഹിഷ്കരിച്ചാണ് സമരം. പിജി പഠനത്തിന് ശേഷം മൂന്ന് വര്‍ഷം നിര്‍ബന്ധിത സേവനം നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന് എതിരെയാണ് പ്രതിഷേധം. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം.


വിദഗ്ധരായ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ എന്ന പേരിലാണ് സര്‍ക്കാര്‍ ബോണ്ട് സമ്പ്രദായം ഏര്‍പ്പെടുത്തിയത്. പി ജി പഠനത്തിന് ശേഷം മൂന്ന് വര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിര്‍ബന്ധിത സേവനം നടത്തണമെന്നായിരുന്നു ഉത്തരവ്. ഇത് അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് പിജി ഡോക്ടര്‍മാര്‍ സൂചന പണിമുടക്ക് നടത്തുന്നത്. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ചില മെഡിക്കല്‍ കോളേജുകളില്‍ ഒ പി പ്രവര്‍ത്തനത്തെ സമരം ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങാനാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം. സൂചന പണിമുടക്ക് നടത്തിയ പിജി ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രതിഷേധ പ്രകടനം നടത്തി.