LiveTV

Live

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എന്‍ കെ പ്രേമചന്ദ്രന്‍

പാരിപ്പള്ളി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എന്‍ കെ പ്രേമചന്ദ്രന്‍
Summary
സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളജ് വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനും എതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ തീയറ്ററടക്കം അടച്ചുപൂട്ടിയത് ഇതിനാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് ഇഎസ്‌ഐ കോര്‍പ്പറേഷന് തന്നെ തിരികെ നല്‍കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

പാരിപ്പളളി ഇഎസ്‌ഐ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ കഴിഞ്ഞ വര്‍ഷം ലോധാകമ്മിറ്റി പരിശോധിച്ചപ്പോള്‍ 6 ന്യൂനതകളാണ് കണ്ടെത്തിയിരുന്നത്. ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടെയും നിയമനം സംബന്ധിച്ചായിരുന്നു ഇത്. എന്നാല്‍ ഈ വര്‍ഷം മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ ന്യൂനതകള്‍ ഇരുപത്തിയേഴായി. ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചുപൂട്ടിയതും ബ്‌ളഡ് ബാങ്ക് നിര്‍ത്തിയതും അടക്കമുള്ളവ മൂലമാണ് ന്യൂനതകള്‍ വര്‍ദ്ധിച്ചത്. സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പാരിപ്പളളി മെഡിക്കല്‍ കോളജിനെ അട്ടിമറിക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി ഇതിന് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാരിപ്പളളിയില്‍ മെഡിക്കല്‍ കോളജ് കൊണ്ടുവരാന്‍ സര്‍ക്കാരിന് താത്പര്യം ഇല്ല. ഈ സാഹചര്യത്തില്‍ ഇഎസ്‌ഐ കോര്‍പ്പറേഷന് തന്നെ മെഡിക്കല്‍ കോളജ് തിരികെ നല്‍കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. 560 കോടി വിലമതിക്കുന്ന ഇഎസ്‌ഐ മെഡിക്കല്‍ കോളജ് കഴിഞ്ഞ വര്‍ഷമാണ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കിയത്.