LiveTV

Live

Kerala

ഹൈറേഞ്ചില്‍ ജാതികര്‍ഷകര്‍ പ്രതിസന്ധിയില്‍

ഹൈറേഞ്ചില്‍ ജാതികര്‍ഷകര്‍ പ്രതിസന്ധിയില്‍
Summary
ജാതിമരങ്ങളിലെ രോഗം കണ്ടുപിടിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലായെന്ന് പരാതി.

ജാതിക്കക്ക് വിപണിയില്‍ നല്ല വില ലഭിക്കുമ്പോഴും ഉല്‍പ്പാദന ഇടിവ് മൂലം കര്‍ഷകര്‍ നട്ടം തിരിയുന്നു. കാലാവസ്ഥാ വ്യതിയാനവും പൂ കൊഴിച്ചിലുമാണ് ഹൈറേഞ്ചില്‍ ജാതിക്ക ഉല്‍പ്പാദനം കുറയാന്‍ കാരണം. പൂ കൊഴിച്ചിലിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്.

ജാതിക്ക കിലോക്ക് 300 രൂപയും ജാതിപത്രിക്ക് 1000 രൂപയുമാണ് നിലവില്‍ വിപണിയിലെ വില. ഇത് മികച്ച വിലയാണ്. എന്നാല്‍ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല.

പെയിന്‍റ് നിര്‍മ്മാണത്തിനും ആയൂര്‍വ്വേദമരുന്നുകള്‍ക്കും, ഭക്ഷണങ്ങളില്‍ ചേര്‍ക്കാനുമാണ് പ്രധാനമായും ജാതിക്കയും ജാതിപത്രിയും ഉപയോഗിക്കുന്നത്. വിപണിയില്‍ നല്ല വില കിട്ടുന്ന ആദായകരമായ കൃഷിയാണ് ജാതി. വലിയ ചെലവില്ലാതെ കൂടുതല്‍ വിളവ് നല്‍കിയിരുന്ന ജാതിമരങ്ങളില്‍ പൂക്കള്‍ കൊഴിയുന്നതും ചില മരങ്ങള്‍ അഴുകല്‍ രോഗം മൂലം നശിക്കുന്നതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ഇതിന്റെ കാരണം അറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. പ്രശ്ന പരിഹാരത്തിന് സഹായിക്കേണ്ട കൃഷി വകുപ്പാവട്ടെ ഇതുവരെ പഠനം പോലും നടത്തിയിട്ടുമില്ല.