LiveTV

Live

Kerala

ശബരിമലയിലെ കുപ്പിവെള്ള നിരോധനത്തെ മറികടക്കാന്‍ ശബരി തീര്‍ത്ഥം

ശബരിമലയിലെ കുപ്പിവെള്ള നിരോധനത്തെ മറികടക്കാന്‍ ശബരി തീര്‍ത്ഥം
Summary
പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകര്‍ക്കായി വിതരണം ചെയ്യുന്നത്.

സന്നിധാനത്ത് കുപ്പിവെള്ളം നിരോധിച്ചതോടെ, പ്രതിസന്ധിയിലായ കുടിവെള്ള വിതരണം, കാര്യക്ഷമമാകുന്നു. പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകര്‍ക്കായി വിതരണം ചെയ്യുന്നത്. ശുദ്ധമായ ദലം ലഭ്യമായി തുടങ്ങിയതോടെ, തീര്‍ത്ഥാടകരും തൃപ്തിയിലാണ്.

പമ്പയില്‍ നിന്നു സന്നിധാനം വരെയുള്ള വഴികളിലും സന്നിധാനത്തെ വിവിധയിടങ്ങളിലുമായി ശബരി തീര്‍ത്ഥം എന്ന പേരില്‍ നൂറ് കിയോസ്‌കുകള്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധീകരിച്ച ജലമാണ് ഇതിലൂടെ നല്‍കുന്നത്. ഇതിനായി ആയിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള പത്ത് ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി മൂന്നര ലക്ഷം ലിറ്റര്‍ വെള്ളമാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത്. 4.72 കോടി രൂപയാണ് ഇതിന്റെ ചിലവ്. കൂടാതെ, ആയുര്‍വേദ മരുന്നുകളിട്ട് തയ്യാറാക്കിയ ചൂടുവെള്ളവും വിതരണം ചെയ്യുന്നുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ, 18 കൗണ്ടറുകള്‍ ഇതിനായി പ്രവര്‍ത്തിയ്ക്കുന്നു. ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം ഇതിലൂടെ പ്രതിദിനം നല്‍കുന്നുണ്ട്.

ഇതിനു പുറമെ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ 49 കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ടാപ്പുകള്‍ വീതമുള്ളതാണ് ഓരോ കിയോസ്‌കും. നിലയ്ക്കലിലും പമ്പയിലും വാട്ടര്‍ അതോറിറ്റി ശുദ്ധീകരിച്ച കുടിവെള്ളം നല്‍കുന്നുണ്ട്. കൂടാതെ, സന്നിധാനത്ത് പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ നിര്‍മാണവും പുരോഗമിയ്ക്കുകയാണ്.