LiveTV

Live

Kerala

പിണറായിയുടേത് അഴിമതി സര്‍ക്കാരെന്ന് വിഎം സുധീരന്‍

പിണറായിയുടേത് അഴിമതി സര്‍ക്കാരെന്ന് വിഎം സുധീരന്‍
Summary
ചുരുങ്ങിയ കാലയളവില്‍ ഏറ്റവും അധികം അഴിമതി നടത്തിയ സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് വിഎം സുധീരന്‍...

ചുരുങ്ങിയ കാലയളവില്‍ ഏറ്റവും അധികം അഴിമതി നടത്തിയ സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് വിഎം സുധീരന്‍. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജ് വിഷയത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനാനുമതി കഴിഞ്ഞ ആഴ്ച്ച ലോധ കമ്മിറ്റി തള്ളിയിരുന്നു. കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാകുന്നതിനും ലോധാ കമ്മിറ്റി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിനും സര്‍ക്കാര്‍ വിമുഖത കാണിച്ചതാണ് അനുമതി നിഷേധിക്കാന്‍ കാരണം. ഇത് മൂലം തൊഴിലാളികളുടെ മക്കളടക്കം നൂറ് പേര്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുളള അവസരമാണ് നിഷേധിക്കപ്പെട്ടത്.

പ്രശ്‌നം പൊതുസമൂഹത്തില്‍ വലിയ വിമര്‍സനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. പാരിപ്പള്ളിയില്‍ നടന്ന ഏകദിന ഉപവാസം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ കാലയളവ് കൊണ്ട് അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി സര്‍ക്കാര്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിനെ തകര്‍ക്കുകയാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപിയും പറഞ്ഞു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് വിഷയം നിയമസഭയില്‍ ഉയര്‍ത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.