LiveTV

Live

Kerala

റോഡിന്റെ മെക്കാഡം ടാറിങ്ങിന് എസ്റ്റിമേറ്റ് തുകയുടെ 200 ശതമാനം അധികം അനുവദിച്ചതായി നാട്ടുകാര്‍

റോഡിന്റെ മെക്കാഡം ടാറിങ്ങിന് എസ്റ്റിമേറ്റ് തുകയുടെ 200 ശതമാനം അധികം അനുവദിച്ചതായി നാട്ടുകാര്‍
Summary
15.6 കിലോമീറ്റര്‍ റോഡിന് മെക്കാഡം ടാറിങ്ങിനായി പൊതുമരാമത്ത് എസ്റ്റിമേറ്റ് നല്‍കിയത് 44.05 കോടി രൂപ

15.6 കിലോമീറ്റര്‍ റോഡിന് മെക്കാഡം ടാറിങ്ങിനായി പൊതുമരാമത്ത് എസ്റ്റിമേറ്റ് നല്‍കിയത് 44.05 കോടി രൂപ. 13 വര്‍ഷത്തേക്ക് റോഡിന്റെ അറ്റകുറ്റപ്പണിയടക്കം ലഭിച്ച സ്വകാര്യ കമ്പനിക്ക് എസ്റ്റിമേറ്റ് തുകയുടെ 200 ശതമാനം അധികത്തിനാണ് പൊതുമരാമത്ത് പദ്ധതി അംഗീകരിച്ചത്. കാസര്‍കോട് ഉപ്പള-കന്യാന റോഡ് നവീകരണ പദ്ധതിക്കാണ് അധിക തുകയ്ക്ക് ടെണ്ടര്‍ അനുവദിച്ചത്.

കാസര്‍കോട് ജില്ലയില്‍ 8 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങിന് ഒരു കിലോമീറ്ററിന് ഏറ്റവും കൂടിയ നിരക്ക് ഒരു കോടി രൂപയാണ്. ഈ നിരക്കില്‍ 15.6 കിലോമീറ്റര്‍ നീളമുള്ള ഉപ്പള കന്യാന റോഡ് മെക്കാഡം ചെയ്യുന്നതിന് പരമാവധി 16 കോടി രൂപയാണാവശ്യം. ജില്ലയില്‍ ഡ്രൈനേജ് നിര്‍മ്മാണത്തിന് ഒരു കിലോമീറ്ററിന് അമ്പത് ലക്ഷം രൂപയാണ് ചെലവ്. അങ്ങിനെ പദ്ധതിക്ക് ആകെ ചിലവ് 24 കോടി രൂപയില്‍ താഴെ.

എന്നാല്‍ 5.5മീറ്റര്‍ വീതിയില്‍ 15.6 കിലോമീറ്റര്‍ നീളത്തില്‍ നിലവിലുള്ള റോഡ് മെക്കാഡം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി പുണെ ആസ്ഥാനമായുള്ള റോവന്‍ രാജ്ദീപ് നിര്‍മ്മാണ കമ്പനിക്ക് അനുവദിച്ചത് 44.05 കോടി രൂപ. 13 വര്‍ഷത്തേക്ക് അറ്റകുറ്റപണിയും കമ്പനിക്കാണ്. എസ്റ്റിമേറ്റ് തുകയുടെ 200 ശതമാനം അധികത്തിലാണ് ടെണ്ടര്‍ അംഗീകരിച്ചത്. ഇതില്‍ ഓവുചാല്‍ നിര്‍മ്മാണത്തിന് മാത്രം നീക്കിവെച്ചത് 25.93 കോടിരൂപ. മെക്കാഡം ടാറിങ്ങിനേക്കാള്‍ തുക ഓവുചാല്‍ നിര്‍മ്മാണത്തിന് നീക്കിവെച്ച പദ്ധതി കേട്ടുകേള്‍വിയില്ലാത്തതാണെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് പദ്ധതിയുടെ ടെണ്ടര്‍ അംഗീകരിച്ചത്. പദ്ധതിക്ക് ആവശ്യത്തിലധികം ഫണ്ട് അനുവദിച്ചത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മന്ത്രി ജി സുധാകരന് പരാതി നല്‍കിയിട്ടുണ്ട്.