LiveTV

Live

Kerala

കടലാടിപ്പാറിയില്‍ ഖനന അനുമതി; ഇടതുമുന്നണി ജില്ല നേതൃത്വത്തില്‍ പ്രതിസന്ധി

കടലാടിപ്പാറിയില്‍ ഖനന അനുമതി; ഇടതുമുന്നണി ജില്ല നേതൃത്വത്തില്‍ പ്രതിസന്ധി
Summary
ആശാപുരെ കമ്പനി അധികൃതര്‍ മുഖ്യമന്ത്രിയേയും വ്യവസായ മന്ത്രിയേയും സന്ദര്‍ശിച്ച് കടലാടിപ്പാറയില്‍ ഖനനത്തിനായി വീണ്ടും നീക്കം നടത്തുന്ന വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്ത് കൊണ്ടു വന്നത്.

കാസര്‍കോട് കടലാടിപ്പാറിയില്‍ ഖനനത്തിന് സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്ന ആശാപുര കമ്പനി അധികൃതരുടെ വെളിപ്പെടുത്തല്‍ ജില്ലയിലെ ഇടതുമുന്നണി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ആശാപുരെ കമ്പനി അധികൃതര്‍ മുഖ്യമന്ത്രിയേയും വ്യവസായ മന്ത്രിയേയും സന്ദര്‍ശിച്ച് കടലാടിപ്പാറയില്‍ ഖനനത്തിനായി വീണ്ടും നീക്കം നടത്തുന്ന വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്ത് കൊണ്ടു വന്നത്.

കാസര്‍കോട് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടപ്പാറിയില്‍ ബോക്സൈറ്റ് അലുമിനസ് ലാറ്ററൈറ്റ് ഖനനത്തിനായുള്ള അനുമതിക്കായി ജൂണ്‍ 22നും 23നുമാണ് ആഷാപുരെ മൈന്‍കെം ലിമിറ്റഡ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ടത്. ഖനന പ്രദേശത്ത് പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിനുള്ള സഹാചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു കമ്പനി പ്രതിനിധികളുടെ സന്ദര്‍ശനം. സന്ദര്‍ശനം ഏറെ പ്രതിക്ഷ നല്‍കുന്നതായി കമ്പനി സിഇഒ സന്തോഷ് മേനോന്‍ മീഡിയാവണിനോട് പറഞ്ഞിരുന്നു.

ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പഞ്ചായത്തില്‍ സിപിഎം പ്രദേശിക നേതൃത്വത്തിന്റെ കൂടി സഹകരണത്തോടെയാണ് ഖനനത്തിനെതിരെ സമരം നടക്കുന്നത്. വ്യവസായ വകുപ്പ് ഖനനത്തിനായി നീക്കം നടത്തുന്നത് പ്രദേശിക തലത്തില്‍ ഇടതുമന്നണിക്കകത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കും. തന്റെ മണ്ഡലത്തില്‍ ഒരു ഖനനവും അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. 2007ലാണ് കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ വില്ലേജില്‍ 200 ഏക്കര്‍ ഭൂമി 30 വര്‍ഷത്തേക്ക് ബോക്സൈറ്റ് അലുമിനസ് ലാറ്ററൈറ്റ് ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആഷാപുരെ മൈന്‍കെം ലിമിറ്റഡിന് അനുമതി നല്‍കിയത്.