LiveTV

Live

Kerala

പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിലേക്ക്

പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിലേക്ക്
Summary
3500ല്‍ അധികം സംരക്ഷിത അധ്യാപകര്‍ക്ക് ശമ്പളം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് അധ്യാപക സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്

പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. 3500ല്‍ അധികം സംരക്ഷിത അധ്യാപകര്‍ക്ക് ശമ്പളം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് അധ്യാപക സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്. നിയമന അംഗീകാരം ഉള്‍പ്പെടെ പ്രതിസന്ധിയിലാണെന്നും സംഘടനകള്‍ ആരോപിക്കുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ഇറങ്ങിയ ഉത്തരവ് ദുര്‍വ്യാഖ്യാനിച്ച് സംസ്ഥാനത്തെ 3500ല്‍ അധികം അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം. 1997 മുതല്‍ 2010 വരെ സംരക്ഷിത അധ്യാപകരില്‍ ഉള്‍പ്പെട്ടവര്‍ പുനര്‍വിന്യസിക്കപ്പെടുന്നത് വരെ ശൂന്യവേതന അവധിയിലായിരിക്കും എന്ന ഭാഗം ഇപ്പോഴും ബാധകമാണെന്ന് വ്യാഖ്യാനിച്ച് ശമ്പളം തടയുന്നുവെന്നാണ് ആരോപണം.

കഴിഞ്ഞ രണ്ട് മാസമായി പലര്‍ക്കും ശമ്പളം കിട്ടിയിട്ടില്ലെന്നാണ് ആരോപണം. വര്‍ഷങ്ങളായി ശമ്പളം കൈപറ്റുന്ന അധ്യാപകരും ഇതില്‍ പെടുന്നുണ്ട്. നിയമിക്കപ്പെട്ട ചിലര്‍ക്ക് വര്‍ഷങ്ങളായി അംഗീകാരം നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. ഇതിനെതിരെ കെപിഎസ്‍ടിഎ, കെഎസ്ടിയു, കെഎടിഎ എന്നീ സംഘടനകളാണ് സമരത്തിന് ഒരുങ്ങുന്നത്. ഉത്തരവ് ദുര്‍വ്യാഖ്യാനിച്ച് ഇടത് വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പകപോക്കലിന് ശ്രമിക്കുകയാണെന്നും ഇതിനെതിരായ സമരത്തിന് ഇന്ന് വൈകീട്ട് ചേരുന്ന യോഗത്തില്‍ വിശദരൂപം കാണുമെന്നും അധ്യാപക സംഘടന ഭാരവാഹികള്‍ അറിയിച്ചു.