LiveTV

Live

Kerala

കടന്നപ്പള്ളിക്ക് വീണ്ടും അംഗീകാരമായി മന്ത്രിസ്ഥാനം

കടന്നപ്പള്ളിക്ക് വീണ്ടും അംഗീകാരമായി മന്ത്രിസ്ഥാനം
Summary
1980ല്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ ഇടതു പക്ഷം ചേര്‍ന്നതാണ് കടന്നപ്പളളി.രണ്ട് വര്‍ഷത്തിന് ശേഷം എ.കെ ആന്‍റണിയും കൂട്ടരും തിരിച്ച് പോയങ്കിലും കടന്നപ്പളളി ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിന്നു.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും തെളിമയാര്‍ന്ന ജീവിതത്തിനുടമയാണ് കടന്നപ്പളളി രാമചന്ദ്രന്‍. ഇടതു പക്ഷത്തിന് എക്കാലവും ബാലികേറാമലയായിരുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണ വിജയക്കൊടി പാറിച്ച കടന്നപ്പളളിക്ക് എല്‍.ഡി.എഫ് വീണ്ടും മന്ത്രി സ്ഥാനം നല്‍കുമ്പോള്‍ അത് ഈ ആദര്‍ശ രാഷ്ട്രീയക്കാരന് നല്‍കുന്നു ആദരം കൂടിയാണ്.

കേരള രാഷ്ട്രീയത്തില്‍ കടന്നപ്പളളി രാമചന്ദ്രന്‍ എന്ന പേരിന് സംശുദ്ധ രാഷ്ട്രീയം എന്നാണ് അര്ത്ഥം.1980ല്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ ഇടതു പക്ഷം ചേര്‍ന്നതാണ് കടന്നപ്പളളി.രണ്ട് വര്‍ഷത്തിന് ശേഷം എ.കെ ആന്‍റണിയും കൂട്ടരും തിരിച്ച് പോയങ്കിലും കടന്നപ്പളളി ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിന്നു. മൂന്നര പതിറ്റാണ്ടിനിപ്പുറവും കടന്നപ്പളളിയുടെ രാഷ്ട്രീയം ഇടതുപക്ഷത്തോടൊപ്പമാണ്.

1971ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടായിരിക്കെയായിരുന്നു കടന്നപ്പളളിയുടെ കന്നിയങ്കം. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ നിന്നും അട്ടിമറി വിജയം നേടി കടന്നപ്പളളി കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധാ കേന്ദ്രമായി. 77ലും ഈ വിജയം ആവര്‍ത്തിച്ചു.1980ല്‍ ഇരിക്കൂറില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തി.പിന്നെ പല തവണ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. 2006ല്‍ എടക്കാട് നിന്നും വിജയിച്ച കടന്നപ്പളളി വി.എസ് മന്ത്രിസഭയില്‍ അവസാന ടേമില്‍ ദേവസം മന്ത്രിയായി. 2011ല്‍ കണ്ണൂരില്‍ നിന്നും അബ്ദുളളക്കുട്ടിയോട് 6443 വോട്ടുകള്‍ക്ക് പരാജയപ്പെട്ട കടന്നപ്പളളി ഇത്തവണ പക്ഷെ കണ്ണൂര്‍ ആദ്യമായി ഇടതുപക്ഷത്തോട് ചേര്‍ത്തു .ഒരു വട്ടം കൂടി മന്ത്രിയാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഏറെ സന്തോഷമെന്ന് മറുപടി.

ജ്യോതിക്ഷ പണ്ഡിതന്‍ പരേതനായ കടന്നപ്പളളി കണ്ടോന്താറിലെ പി.വി കുഞ്ഞിക്കണ്ണന്‍ ഗുരുക്കളുടെ മകനാണ് കടന്നപ്പളളി രാമചന്ദ്രന്‍.സി.എം സരസ്വതിയാണ് ഭാര്യ.