LiveTV

Live

Kerala

ഇപിയുടെ മകന്റെ കുന്നിടിക്കല്‍; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

ഇപിയുടെ മകന്റെ കുന്നിടിക്കല്‍; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
Summary
കണ്ണൂര്‍ ആന്തൂരില്‍ ഇ.പി ജയരാജന്റെ മകന്‍ ചെയര്‍മാനായ കമ്പനി കുന്നിടിച്ച് നിരത്തി റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്.

കണ്ണൂര്‍ ആന്തൂരില്‍ ഇ.പി ജയരാജന്റെ മകന്‍ ചെയര്‍മാനായ കമ്പനി കുന്നിടിച്ച് നിരത്തി റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. കുന്നിടിക്കാന്‍ നഗരസഭ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍മ്മനശാലയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

ഇ.പി ജയരാജന്റെ മകന്‍ പി.കെ ജയ്സണ്‍ ചെയര്‍മാനായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് ആന്തൂര്‍ ഉടുപ്പക്കുന്നില്‍ കുന്നിടിച്ച് റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗത്തിന്റെ മകനുവേണ്ടി വഴിവിട്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണെന്നാരോപിച്ച് ഇന്നലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ധര്‍മ്മശാലയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കടുത്ത അധികാര ദുര്‍വിനിയോഗമാണ് ആന്തൂര്‍ നഗരസഭ നടത്തുന്നതെന്നും കുന്നിടിക്കാന്‍ അനുമതി നല്‍കിയ നഗരസഭയുടെ തീരുമാനത്തിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

എന്നാല്‍ ആയുര്‍വേദ റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ നിയമലംഘനം നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രതികരണം. ഇതിനിടെ കുന്നിടിക്കലിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.