LiveTV

Live

Kerala

വൃദ്ധയുടെ വീട് അടിച്ച് തകര്‍ത്തു; അക്രമികളെ തിരിച്ചറിഞ്ഞിട്ടും നടപടിയില്ല

വൃദ്ധയുടെ വീട് അടിച്ച് തകര്‍ത്തു; അക്രമികളെ തിരിച്ചറിഞ്ഞിട്ടും നടപടിയില്ല
Summary
പത്തനംതിട്ട അടൂര്‍ കിളിവയലില്‍ 86 വയസ്സുള്ള വൃദ്ധ താമസിച്ചിരുന്ന വീട് അക്രമിസംഘം അടിച്ചുതകര്‍ത്തു.

പത്തനംതിട്ട അടൂര്‍ കിളിവയലില്‍ 86 വയസ്സുള്ള വൃദ്ധ താമസിച്ചിരുന്ന വീട് അക്രമിസംഘം അടിച്ചുതകര്‍ത്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമിസംഘം പ്രാദേശിക സിപിഎം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല, മൊഴിയെടുക്കുന്നതിന് പൊലീസ് വൃദ്ധയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ആറാം തിയതി രാത്രി 8.45ന് ഏലിയാമ്മ തോമസ് അലറിവിളിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ല. ഗുണ്ടാസംഘം വീടിന്‍റെ പരിസരത്ത് നിലയുറപ്പിച്ചതാണ് കാരണം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ വീട്ടുടമയും ഏലിയാമ്മയുടെ ചെറുമകനുമായ ജെന്‍സണ്‍ ബേബി തിരിച്ചറിഞ്ഞു. ഈ സംഭവത്തിന് രണ്ട് ദിവസം മുന്‍പ് ഇവരില്‍ നിന്ന് ഇയാള്‍ക്ക് മര്‍ദ്ദനവും വധഭീഷണിയും ഉണ്ടായിരുന്നു. ഇതിനാല്‍ ജെന്‍സണ്‍ സ്ഥലത്ത് നിന്ന് വിട്ട് നിന്നപ്പോഴാണ് വീട് ആക്രമിക്കപ്പെട്ടത്. ഏലിയാമ്മ മാത്രമാണ് ഇവിടെ താമസം. ഇക്കാര്യങ്ങള്‍ കാണിച്ച് ഏനാത്ത് പൊലീസിനും അടൂര്‍ ഡിവൈഎസ്പിക്കും പരാതി നല്‍കി മൂന്ന് ദിവസമായി. നടപടിയായിട്ടില്ല.

പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു വര്‍ഷം മുന്‍പാണ് ജെന്‍സണ്‍ നാട്ടിലെത്തിയത്. ഭാര്യ വിദേശത്താണ്. സ്വന്തം സഹോദരനുമായി വസ്തുതര്‍‌ക്കമുണ്ട്. ഇതിന്റെ പേരില്‍ സഹോദരന്‍ ഗുണ്ടാസംഘത്തെ ഏര്‍പ്പാടാക്കിയതാണെന്നാണ് ജെന്‍സന്‍റെ ആരോപണം.