LiveTV

Live

Kerala

ആകാശ വിസ്മയം ആവേശത്തോടെ വരവേറ്റ് മലയാളികള്‍

Summary
പൂർണ ചന്ദ്രഗ്രഹണത്തോടൊപ്പം സൂപ്പർമൂണും ബ്ലൂ മൂണും ഒരുമിച്ച് ദൃശ്യമായത് മലയാളികള്‍ ആഘോഷമായാണ് വരവേറ്റത്.

ഒന്നര നൂറ്റാണ്ടിന് ശേഷമുണ്ടായ ആകാശക്കാഴ്ചയ്ക്ക് ലോകം സാക്ഷിയായി. പൂർണ ചന്ദ്രഗ്രഹണത്തോടൊപ്പം സൂപ്പർമൂണും ബ്ലൂ മൂണും ഒരുമിച്ച് ദൃശ്യമായത് മലയാളികള്‍ ആഘോഷമായാണ് വരവേറ്റത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആകാശ വിസ്മയം കാണാന്‍ പ്രത്യേക സൌകര്യം ഒരുക്കിയിരുന്നു.

കടും ഓറഞ്ച് നിറത്തിൽ കൂടുതൽ വലിപ്പത്തോടെ നിറനിലാവിന്റെ പ്രഭ ചൊരിഞ്ഞ് മാനത്ത് നൂറ്റാണ്ടിന്റെ ചന്ദ്രോത്സവം നടന്നു. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍ രേഖയിലെത്തുന്ന ചന്ദ്രഗ്രഹണം. ചന്ദ്രൻ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സൂപ്പർമൂൺ. മാസത്തിലെ രണ്ടാമത്തെ പൗർണ്ണമി ദിവസത്തിലെ ബ്ലൂമൂണ്‍. മൂന്നും ഒരുമിച്ചെത്തിയ അപൂർവ ദൃശ്യാനുഭവം കണ്ടവര്‍ക്കുണ്ടായ അനുഭവം വാക്കുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല.

തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ ഗ്രഹണം കാണാൻ ടെലസ്കോപ് ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. സ്കൂൾ വിദ്യാർത്ഥികളടക്കമുളള നിരവധി പേർ ആകാശ വിസ്മയം കാണാൻ എത്തി. ആകാശം മേഘാവൃതമായത് കൊണ്ട് വടക്കന്‍ മേഖലകളില്‍ വൈകിയാണ് ബ്ലൂ ബ്ലഡ് മൂണ്‍ തെളിഞ്ഞത്. അപൂര്‍വ്വ ആകാശകാഴ്ചയുമായി ബന്ധപ്പെട്ട് കേരളത്തിലെ മുസ്‍ലിം പള്ളികളില്‍ ഗ്രഹണ നമസ്കാരവും നടന്നു.