LiveTV

Live

Kerala

കൊച്ചിയിലെ ഡിഎല്‍എഫ് ഫ്‌ളാറ്റ് പൊളിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

കൊച്ചിയിലെ ഡിഎല്‍എഫ് ഫ്‌ളാറ്റ് പൊളിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി
Summary
ഫ്‌ളാറ്റ് പൊളിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റേയും തീരദേശപരിപാലന അതോറിറ്റിയുടേയും ആവശ്യം തള്ളി.

കൊച്ചി ചെലവന്നൂരിലെ ഡി.എല്‍.എഫ് ഫ്‌ലാറ്റ് സമുച്ചയം പൊളിച്ച് നീക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പകരം ഒരു കോടി രൂപ പിഴ ഇടാക്കിയാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഫ്‌ളാറ്റ് പൊളിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റേയും തീരദേശ പരിപാലന അതോറിറ്റിയുടെയും ആവശ്യം കോടതി തള്ളി.

2016 ഡിസംബര്‍ 21 നാണ് ഡിഎല്‍എഫ് ഫ്‌ളാറ്റ് പൊളിച്ച് നീക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്. ജനങ്ങളുടെ ബുദ്ധിമുട്ടും കോടികളുടെ നിക്ഷേപവും കണക്കിലെടുത്തായിരുന്നു ഉത്തരവ്, എന്നാല്‍ ഒരു കോടി രൂപ പരിസ്ഥിതി വകുപ്പിന് ഡിഎല്‍എഫ് പിഴയായി നല്‍കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതിയും ശരി വെക്കുകയായിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും തീരദേശ പരിപാല അതോറിറ്റിയുടെയും വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പൊളിക്കണമെന്നും സര്‍ക്കാരും തീരദേശ പരിപാലന അതോറിറ്റിയും വാദിച്ചിരുന്നു. കാറ്റഗറി ബിയില്‍പെട്ട പദ്ധതി ആയതിനാല്‍ അനുമതി നല്‍കേണ്ടത് സംസ്ഥാന പരിസ്ഥിതി അവലോകന സമിതിയാണ് എന്നായിരുന്നു കേന്ദ്ര നിലപാട്. അനുമതി നല്‍കുമ്പോള്‍ സര്‍ക്കാര്‍ അതോറിറ്റികള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കമ്പനിക്ക് ഉത്തരവാദിത്വമില്ലന്നുമായിരുന്നു ഡിഎല്‍എഫിന്റെ വാദം. ഇവ കേട്ട ശേഷം സുപ്രീം കോടതി ഡി.എല്‍.ഫ് വാദം മുഖവിലക്കെടുത്ത സുപ്രീംകോടതി ഹൈക്കോടതി വിധിച്ച ഒരു കോടി രൂപ പിഴ അതേ പടി നിലനിര്‍ത്തുകയും ചെയ്തു. കായല്‍ കൈയേറി നിര്‍മിച്ച മറ്റ് കെട്ടിടങ്ങള്‍ക്കും നിര്‍ണായകമാകുന്നതാണ് സുപ്രിംകോടതിയുടെ ഇന്നത്തെ വിധി.