LiveTV

Live

Kerala

മെഡിക്കല്‍ കോളജുകളിലെ പിജി വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും 19ന് പണിമുടക്കും

Summary
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും ഈ മാസം 19ന് പണിമുടക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. സൂചന സമരത്തെ തുടര്‍ന്നും തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ 23 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് തീരുമാനം.

ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് അറുപതായും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം അറുപതില്‍ നിന്ന് അറുപത്തിരണ്ടായും ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പിജി വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തിന് തയ്യാറെടുക്കുന്നത്. സര്‍ക്കാരിനെ പല തവണ പ്രതിഷേധമറിയിച്ചിട്ടും ചര്‍ച്ചക്ക് പോലും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകുന്നത്.

അത്യാഹിത വിഭാഗത്തെയോ അത്യാസന്ന രോഗികളെയോ ബാധിക്കാത്ത രീതിയിലായിരിക്കും സമരം. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെയും റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെയും ഭാവി നഷ്ടപ്പെടുത്തുന്ന തീരുമാനമാണിതെന്ന് സംയുക്ത സമര സമിതി പറയുന്നു. 19ന് മെഡിക്കല്‍ കോളജുകളില്‍ സമരം നടത്തുകയും സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുകയും ചെയ്യും.

അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഉള്ളവരടക്കം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും. പിജി വിദ്യാര്‍ഥികള്‍ക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും പുറമെ എംബിബിഎസ് വിദ്യാര്‍ഥികളും പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സും സമരത്തിന്റെ ഭാഗമാകും.