LiveTV

Live

Kerala

കോട്ടക്കമ്പൂരില്‍ കയ്യേറ്റക്കാരെ സഹായിക്കുന്ന വനംവകുപ്പ് റിപ്പോര്‍ട്ട്

കോട്ടക്കമ്പൂരില്‍ കയ്യേറ്റക്കാരെ സഹായിക്കുന്ന വനംവകുപ്പ് റിപ്പോര്‍ട്ട്
Summary
കൊട്ടക്കമ്പൂരിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കണമെന്ന് കാട്ടി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളാണ് ശ്രദ്ധേയം.

കൊട്ടക്കമ്പൂരിലെ കയ്യേറ്റക്കാരെ സഹായിക്കാന്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ നീലക്കുറിഞ്ഞി ഉദ്യാനത്തിനായുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്ന് തീരുമാനമായത്.

കൊട്ടക്കമ്പൂരിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കണമെന്ന് കാട്ടി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളാണ് ശ്രദ്ധേയം. ബ്ലോക്ക് നമ്പര്‍ 58ലെ പടിഞ്ഞാര്‍ അതിര്‍ത്തിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോ, ആരാധനാലയങ്ങളോ, ആതുരാലയങ്ങളോ, ബാങ്കുകളോ, വാണിജ്യ സ്ഥാപനങ്ങളോ ഉള്‍പ്പെടുന്നില്ല. എന്നാല്‍ പച്ചക്കറികൃഷിയും, യൂക്കാലിപ്റ്റസ് കൃഷിയും വ്യാപകമായി ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോയ്‌സ് ജോര്‍ജ് എംപിയുടെ വിവാദ ഭൂമി ഉള്‍പ്പെട്ടത് ബ്ലോക്ക് നമ്പര്‍ 58 ആണെന്നത് റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നു. മുമ്പ് സര്‍ക്കാര്‍ നിയോഗിച്ച വിവിധ അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ യൂക്കാലിപ്റ്റസ് കൃഷി നടത്തുന്നത് ജില്ലയ്ക്ക് പുറത്തുള്ള വന്‍കിട കയ്യേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കുറിഞ്ഞി ഉദ്യാനത്തിന്റെ പ്രാഥമിക വിജ്ഞാപനത്തില്‍ അപാകതകളുണ്ടെന്നും അത് പുനര്‍നിര്‍ണയിക്കണമെന്നും കാട്ടിയാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സെറ്റില്‍മെന്റ് ഓഫീസര്‍ കൂടിയായ ദേവികുളം സബ്കലക്ടറുടെ പട്ടികപ്രകാരം ബ്ലോക് നമ്പര്‍ 58ലാണ് കൈയ്യേറ്റക്കാര്‍ കൂടുതലുള്ളത്. 151 പേരുടെ പട്ടികയാണ് റവന്യൂവകുപ്പ് തയ്യാറാക്കിയത്. ഇതില്‍നിന്നുതന്നെ കയ്യേറ്റക്കാര്‍ക്ക് സഹായകരമാണ് വനം വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്നത് വ്യക്തം.