LiveTV

Live

Kerala

നിര്‍മല്‍കൃഷ്ണയുടെ കീഴടങ്ങല്‍; നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ സാധ്യത

നിര്‍മല്‍കൃഷ്ണയുടെ കീഴടങ്ങല്‍; നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ സാധ്യത
Summary
തമിഴ്നാട് നിക്ഷേപക താല്പര്യസംരക്ഷണ നിയമപ്രകാരം നടപടികള്‍ മുന്നോട്ട് പോയാല്‍ പണം തിരികെ ലഭിക്കും

നിര്‍മല്‍കൃഷ്ണ ചിട്ടി ഫണ്ട് ഉടമ തമിഴ്നാട്ടില്‍ കീഴടങ്ങിയതോടെ സാധാരണ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ സാധ്യതയേറി. തമിഴ്നാട് നിക്ഷേപക താല്പര്യസംരക്ഷണ നിയമപ്രകാരം നടപടികള്‍ മുന്നോട്ട് പോയാല്‍ പണം തിരികെ ലഭിക്കും. നിക്ഷേപം വെളി പ്പെടുത്താത്ത വന്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ ദിവസം ചെന്നൈ ഹൈകോടതിയുടെ മധുര ബഞ്ചിന് മുന്നില്‍ കീഴടങ്ങിയ നിര്‍മല്‍ കൃഷ്ണ തനിക്ക് 600 മുതല്‍ 1000 കോടി രൂപയുടെ ആസ്തിയുണ്ടെന്ന വെളിപ്പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ ഇതുവരെ പരാതി ലഭിച്ചത് 330 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ചാണ്.

കൂടുതല്‍ പരാതികള്‍ സ്വീകരിച്ചാല്‍ തന്നെ 600 കോടിയില്‍ താഴെ മാത്രമേ വരൂ എന്നാണ് വിലയിരുത്തല്‍. തമിഴ്നാട് നിക്ഷേപക താല്‍പര്യ സംരക്ഷണ നിയമപ്രകാരം സാന്പത്തിക തട്ടിപ്പുകളില്‍ പണം തിരികെ നല്‍കിയാല്‍ പ്രതികള്‍ക്ക് ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. കോടതി മുഖേനയായിരിക്കും സ്വത്ത് കണ്ടെത്തലും തിരികെ നല്‍കലും നടക്കുക. ഇതിനായി 7 തവണ പരസ്യം നല്‍കി നിക്ഷേപകരുടെ പരാതി സ്വീകരിക്കും. അതിനാല്‍ തന്നെ ഇപ്പോള്‍ തമിഴ്നാട്ടില്‍ പരാതി നല്‍കാത്തവര്‍ക്കും പരാതി നല്‍കാനും പണം തിരികെ ലഭിക്കാനും ഇടയുണ്ട്. വന്‍ നിക്ഷേപം നടത്തിയവരില്‍ പലരും നിക്ഷേപം വെളിപ്പെടത്തിയിട്ടില്ല. കള്ളപ്പണ നിക്ഷേപകരായിരിക്കും ഇതില്‍ ഭൂരിഭാഗവും. അവര്‍ക്ക് നിക്ഷേപം ലഭിക്കില്ല.

ആ പണം സ്വന്തമാക്കാനുള്ള നിര്‍മല്‍ കൃഷ്ണയുടെ നീക്കമായാണ് തമിഴ്നാട്ടിലെ കീഴടങ്ങലിനെ പൊലീസ് കാണുന്നത്. നിര്‍മല്‍ കൃഷ്ണയുമായി കേരളത്തിലെ മുന്‍മന്ത്രിയുടെ ബന്ധമുള്‍പ്പെടെ വാര്‍ത്തയായ സാഹചര്യമാണ് പെട്ടെന്നുള്ള കീഴടങ്ങലിന് പിന്നിലെന്നാണ് സൂചന. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നത് ഉറപ്പുവരുത്താനായി പ്രത്യേക അഭിഭാഷകനെ നിയോഗിച്ച് കേസ് നടത്താനാണ് ആക്ഷന്‍ കമ്മറ്റി തീരുമാനം. 78 ലക്ഷം രൂപയുടെ പരാതിയുള്ള രണ്ട് കേസുകള്‍ കേരളത്തിലുണ്ട്. തമിഴ്നാട് കോടതി നടപടികള്‍ നിരീക്ഷിക്കുയാണ് കേരള പൊലീസ്.