LiveTV

Live

Kerala

ചുങ്കപ്പാറയിലെ ക്വാറിയുടെ നിയമലംഘനത്തിന് കൂടുതല്‍ തെളിവുകള്‍

ചുങ്കപ്പാറയിലെ ക്വാറിയുടെ നിയമലംഘനത്തിന് കൂടുതല്‍ തെളിവുകള്‍
Summary
ഉപയോഗിക്കേണ്ട യന്ത്ര സാമഗ്രികള്‍ സംബന്ധിച്ചും പരിമിതികള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പതിന്മടങ്ങാണ് ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍.

പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറിയുടെ നിയമലംഘനങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഉപയോഗിക്കേണ്ട യന്ത്ര സാമഗ്രികളും ഉത്പാദനത്തിന്റെ തോതും സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നില്ല. ചെറുകിട യൂണിറ്റിനായി നേടിയ അനുമതി ഉപയോഗിച്ചാണ് വന്‍തോതിലുള്ള പ്രകൃതി ചൂഷണം നടക്കുന്നത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അമിറ്റി റോക്‌സിന് കഴിഞ്ഞ ഏപ്രില്‍ 15 ന് നല്‍കിയ അനുമതി പത്രത്തിന്റെ പകര്‍പ്പാണിത്. സ്ഥാപനം ചെറുകിട സംരംഭത്തില്‍ പെടുന്നെന്നും ഉത്പാദനം പരമാവധി 4228 മെട്രിക് ടണ്ണാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. പക്ഷേ ബൃഹത്തായ രീതിയിലാണ് ക്വാറിയുടെ പ്രവര്‍ത്തനം. ഉപയോഗിക്കേണ്ട യന്ത്ര സാമഗ്രികള്‍ സംബന്ധിച്ചും പരിമിതികള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പതിന്മടങ്ങാണ് ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍.

ക്രഷര്‍ യൂണിറ്റിന്റെ വിപുലീകരണത്തിന് മുമ്പ് മുന്‍കൂര്‍ അനുമതി വേണമെന്നും ക്വാറിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ഗ്രീന്‍ബെല്‍റ്റ് സ്ഥാപിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. പ്രവേശന കവാടത്തിന് മുന്നില്‍ സ്ഥാപനത്തിന്റെ പേരും ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ ട്രേഡ് യൂണിയന്റെ കോടിമരം മാത്രമാണ് കവാടത്തിലുള്ളത്.