LiveTV

Live

Kerala

കശുവണ്ടിത്തൊഴിലാളിയുടെ മകള്‍ക്ക് മെഡിക്കല്‍ സീറ്റ് നിഷേധിക്കാന്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ശ്രമം

കശുവണ്ടിത്തൊഴിലാളിയുടെ മകള്‍ക്ക് മെഡിക്കല്‍ സീറ്റ് നിഷേധിക്കാന്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ശ്രമം
Summary
കൊല്ലത്ത് നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് ചെന്നൈയിലെത്തിയാല്‍ മെഡിക്കല്‍ പ്രവേശനം

മെഡിക്കല്‍ പ്രവേശനത്തില്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും കശുവണ്ടിത്തൊഴിലാളിയുടെ മകള്‍ക്ക് സീറ്റ് നിഷേധിക്കാന്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്റെ ശ്രമം. കൊല്ലം ഇളമാട് സ്വദേശിനി രേവതിയോടാണ് കേരളത്തില്‍ നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് ചെന്നൈയിലെത്തി അഡമിഷന്‍ എടുക്കാന്‍ ഇഎസ്‌ഐ ആവശ്യപ്പെട്ടത്. ഇഎസ്‌ഐ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത് മൂലം പ്രവേശനം അനിശ്ചിതത്വത്തിലായ രേവതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രേവതിയെ സ്വന്തം ചിലവില്‍ വിമാനമാര്‍ഗം ചെന്നൈയിലെത്തിക്കാന്‍ കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനന്‍ നടപടി സ്വീകരിച്ചു.

രേവതിയുടെ മാതാവ് രാധാമണി കൊല്ലം ഇളമാടുള്ള കാഷ്യൂ ഫാക്ടറിയിലെ തൊഴിലാളിയാണ്. ഫാക്ടറി ദീര്‍ഘകാലം പൂട്ടികിടന്നതിനാല്‍ ഇഎസ്‌ഐ പുതിയതായി നിഷ്‌കര്‍ഷിച്ച ആറ് മാസത്തില്‍ 75 അറ്റന്‍ഡന്‍സ് എന്ന ചട്ടത്തില്‍ നിന്ന് ഇവര്‍ പുറത്താണ്. ചെന്നൈ ഇഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ച രേവതിക്ക് ഈ കാരണം ചൂണിക്കാണിച്ച് പ്രവേശനം അധികൃതര്‍ നിഷേധിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച രാധാമണി ഉച്ചയോടെ അനുകൂല ഉത്തരവ് നേടിയെടുത്തു. എന്നാല്‍ ഉത്തരവുമായി വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ കൊല്ലത്ത് നിന്ന് ചെന്നൈയിലെത്തിയാല്‍ അഡ്മിഷന്‍ തരാമെന്നാണ് ഇഎസ്‌ഐയുടെ പുതിയ നിബന്ധന.

രേവതിയെ വിമാനമാര്‍ഗം സ്വന്തം ചിലവില്‍ ചെന്നൈയിലെത്തിക്കുന്ന ഉത്തരവാദിത്വം കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനന്‍ ഏറ്റെടുത്തിട്ടുണ്ട്. രേവതിയുടെ പ്രവേശനത്തിന് ഇഎസ്‌ഐയോട് ഒരു ദിവസത്തെ സമയം കൂടി മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.