LiveTV

Live

Kerala

സുനിയെ കണ്ടിട്ടില്ല, തന്നെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു: വീണ്ടും ജാമ്യം തേടി ദിലീപ്

സുനിയെ കണ്ടിട്ടില്ല, തന്നെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു: വീണ്ടും ജാമ്യം തേടി ദിലീപ്
Summary
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. കേസിലെ മുഖ്യ പ്രതിയായ സുനിയെ ജിവിതത്തിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. പ്രതിചേര്‍ത്തത് തന്നെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. സംഭവത്തിന്‍റെ സൂത്രധാരനാണെന്ന വാദം തെറ്റാണ്. മാധ്യമങ്ങളും പോലീസും ചേർന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഇരയാണ് താനെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ‌പറയുന്നു.

നടി അക്രമത്തിനിരയായ ശേഷം നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ നടത്തിയ പ്രസംഗമാണ് ദിലീപ് കേസിൽ പങ്കാളിയാണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കാൻ കാരണം. അപ്പുണ്ണി, പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്തതിനാൽ റിമാൻഡ് തുടരുന്നത് അനാവശ്യമാണ്. മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇനിയും ദിലീപിന്‍റെ തടവ് തുടരുന്നത് ന്യായീകരിക്കാനാവില്ല. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ നടനാണ് ദിലീപ്. ജയിലിലായതിനാൽ 50 കോടി രൂപയുടെ സിനിമാ പദ്ധതികൾ താളം തെറ്റി. പോലീസ്, മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ എന്നിവരെ സ്വാധീനിക്കാൻ കെല്‍പുള്ള സിനിമാ മേഖലയിലെ ഒരു സംഘം ഗൂഢാലോചനയ്ക്ക് ചുക്കാൻ പിടിക്കുന്നുണ്ട്. തനിക്ക് നേരിട്ട് പങ്കാളിത്തം ഉള്ളതായി തെളിവില്ലെന്നും ദിലീപ് ജാമ്യാപേക്ഷയിൽ വാദിക്കുന്നു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.