LiveTV

Live

Kerala

ജിഎസ്ടി സംഘപരിവാര്‍ അജണ്ട; തോമസ് ഐസക്കിന് സിപിഎം എംഎല്‍എമാരുടെ പരോക്ഷ വിമര്‍ശം

ജിഎസ്ടി സംഘപരിവാര്‍ അജണ്ട; തോമസ് ഐസക്കിന് സിപിഎം എംഎല്‍എമാരുടെ പരോക്ഷ വിമര്‍ശം
Summary
ജിഎസ്ടി ഫെഡറലിസം തകര്‍ക്കുന്ന, ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് സഹായകരമായ സാമ്പത്തിക അജണ്ടയാണെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു

നിയമസഭയില്‍ ജിഎസ്ടി ചര്‍ച്ചയില്‍ ധനമന്ത്രി ഡോ. തോമസ് ഐസകിനെതിരെ പരോക്ഷ വിമര്‍ശവുമായി സിപിഎം എംഎല്‍എമാര്‍. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ വിലകുറഞ്ഞില്ലെന്ന യാഥാര്‍ഥ്യത്തെ സാങ്കേതിക പദങ്ങള്‍ കൊണ്ട് മറച്ചുവെക്കാന്‍ കഴിയില്ലെന്ന് എം സ്വരാജ് പറഞ്ഞു. തന്‍റെ നിലപാടുകള്‍ പാര്‍ട്ടി അംഗീകാരത്തോടെയാണ് വിശദീകരിച്ച തോമസ് ഐസക് ചില വിമര്‍ശങ്ങള്‍ അംഗീകരിക്കാനും തയാറായി.

ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ സഹായിക്കുന്ന സാമ്പത്തിക അജണ്ടയാണ് ജിഎസ്ടി എന്നായിരുന്നു കെ സുരേഷ് കുറുപ്പ് പറഞ്ഞത്. വില കുറയും, നികുതി വരുമാനം കൂടും എന്ന അവകാശവാദത്തെ ചോദ്യം ചെയ്യുകയാണ് എം സ്വരാജ് ചെയ്തത്. ജിഎസ്ടിയെ കേരളത്തിന് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തിയതെന്നും തന്‍റെ നിലപാടുകള്‍ പാര്‍ട്ടിയുടെ അംഗീകാരത്തോടെയാണെന്നും തോമസ് ഐസക് വിശദീകരിച്ചു.

സംസ്ഥാനത്തിന്‍റെ നികുതിയധികാരം കവരും, വിലകുറഞ്ഞില്ല തുടങ്ങിയ വിമര്‍ശങ്ങളെ അംഗീകരിക്കുന്നു. പരമാവധി നികുതി 18 ശതമാനമാകണമെന്ന കോണ്‍ഗ്രസ് നിലപാടിനെ ജിഎസ്ടി കൌണ്‍സിലില്‍ എതിര്‍ത്തതതില്‍ കുറ്റബോധമുണ്ടെന്നും ഐസക് കൂട്ടിചേര്‍ത്തു. വര്‍ഗീയവാദിയായ മോദിയെക്കാള്‍ ആവേശത്തോടെയാണ് തോമസ് ഐസക് ജിഎസ്ടി നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചതെന്ന് പി സി ജോര്‍ജ്ജ് വിമര്‍ശിച്ചു.