LiveTV

Live

Kerala

ജിഎസ്ടി അവ്യക്തത: നിര്‍മാണ മേഖല പ്രതിസന്ധിയില്‍

ജിഎസ്ടി അവ്യക്തത: നിര്‍മാണ മേഖല പ്രതിസന്ധിയില്‍
Summary
ജിഎസ്ടി നടപ്പിലായതിന് ശേഷം നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്.

ജിഎസ്ടി നടപ്പിലായതിന് ശേഷം നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്. സാമഗ്രികളുടെ വില വര്‍ധനക്ക് പുറമെ നികുതി നിര്‍ണയത്തിലെ അവ്യക്തതയാണ് കരാറുകാരെ കുഴക്കുന്നത്. പഴയ നികുതി ഘടനയനുസരിച്ച് കരാറെടുത്ത പ്രവൃത്തികള്‍ക്ക് ജിഎസ്ടി ബാധകമായാല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ആര് പരിഹരിക്കും എന്ന ആശങ്കയും ഈ രംഗത്തെ സംരംഭകര്‍ക്കുണ്ട്.

കോമ്പൌണ്ടിംഗ് നികുതി ഘടന പ്രകാരം കരാര്‍ ജോലികളുടെ ബില്‍ തുകയുടെ 4 ശതമാനം കരാറുകാരന്‍ നികുതിയിനത്തില്‍ നല്‍കണം എന്നതാണ് പഴയ വ്യവസ്ഥ. ജിഎസ്ടി പ്രകാരം കരാറുകാരുടെ നികുതിഭാരം 18 ശതമാനമായി. ജിഎസ്ടിക്ക് ശേഷം നിര്‍മാണ സാമഗ്രികളായ സിമന്‍റ്, കമ്പി, ക്വാറി ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് വില കുത്തനെ ഉയര്‍ന്നു. ജൂലൈ 1 മുതലുള്ള കരാര്‍ ജോലികള്‍ക്ക് 18 ശതമാനം ജിഎസ്ടി ബാധകമെന്നാണ് പ്രഖ്യാപനം, സര്‍ക്കാരിന്‍റെ മരാമത്ത് ജോലികള്‍ കരാറെടുക്കുമ്പോള്‍ നികുതി ഒടുക്കേണ്ടത് സര്‍ക്കാരാണോ കരാറുകാരനാണോ എന്നതില്‍ വ്യക്തതയുമില്ല, ഈ സാഹചര്യത്തില്‍ ടെണ്ടര്‍ ബഹിഷ്കരണമടക്കമുള്ള സമര പരിപാടികള്‍ ആവിഷ്കരിക്കാനാണ് കരാറുകാരുടെ സംഘടനകളുടെ തീരുമാനം.

ജൂണില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്ക് 4 ശതമാനം വാറ്റ് അടച്ചാല്‍ മതിയെന്ന് പ്രഖ്യാപനമുണ്ട്. ടെണ്ടര്‍ ചെയ്ത പ്രവൃത്തികളെയും ഈ ഗണത്തില്‍ പെടുത്തണമെന്നാണ് ആവശ്യം. പെട്രോള്‍, ഡീസല്‍ എന്നിവ നിര്‍മാണ രംഗത്തെ മുഖ്യ ഇനമായതിനാല്‍ ഇവയെയും ജിഎസ്ടി പരിധിയില്‍ പെടുത്തണമെന്ന് കരാറുകാര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.