LiveTV

Live

Kerala

''കുട്ടിയെ കണ്ടാല്‍ വൈകല്യമുണ്ടെന്ന് തോന്നില്ല; അതുകൊണ്ട് പെന്‍ഷന്‍ അനുവദിക്കാനാകില്ല''

''കുട്ടിയെ കണ്ടാല്‍ വൈകല്യമുണ്ടെന്ന് തോന്നില്ല; അതുകൊണ്ട് പെന്‍ഷന്‍ അനുവദിക്കാനാകില്ല''
Summary
ഓട്ടിസവും സെറിബല്‍ പാള്‍സിയുമുള്ള ഏഴുവയസ്സുകാരിക്ക് വികലാംഗ പെന്‍ഷന്‍ നിഷേധിക്കുന്നതായി പരാതി.

ഓട്ടിസവും സെറിബല്‍ പാള്‍സിയുമുള്ള കുട്ടിക്ക് വികലാംഗ പെന്‍ഷന്‍ നിഷേധിക്കുന്നതായി പരാതി. 40 ശതമാനത്തിന്മേല്‍ വൈകല്യമുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന നിയമമുള്ളപ്പോഴാണ് ഈ അവഗണന. പെന്‍ഷന്‍ ലഭിക്കാനായി പഞ്ചായത്ത് കയറിയിറങ്ങുകയാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശി സരിതയും ഏഴ് വയസ്സുകാരിയായ മകളും.

ഇത് അവന്തിക. കമ്മനം പൊയില്‍ സരിതയുടെയും അനില്‍ കുമാറിന്‍റെയും രണ്ടാമത്തെ മകള്‍. സെറിബല്‍ പാള്‍സിയും ഓട്ടിസവുമാണ് ഈ ഏഴുവയസ്സുകാരിക്ക്. അവന്തികക്ക് 55 ശതമാനം വൈകല്യമുണ്ടെന്ന് ഡോക്ടര്‍ തന്നെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായാണ് സരിത കുന്ദമംഗലം പഞ്ചായത്തിനെ സമീപിക്കുന്നത്. അപേക്ഷ കുറെക്കാലം പഞ്ചായത്തിലെ ഫയലില്‍ കിടന്നു. വീണ്ടും സമീപിച്ചപ്പോള്‍ ഈ കുട്ടിയെ കണ്ടാല്‍ വൈകല്യമുണ്ടെന്ന് തോന്നില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സരിത പറയുന്നു.

എന്തു ചെയ്യാനും അവന്തികക്ക് ഒരാളുടെ സഹായം വേണം. മാസം മരുന്നിനും നല്ല ഒരു തുക ആവശ്യമുണ്ട്. അച്ഛനും രോഗിയാണ്. വാടകവീട്ടിലാണ് താമസം. അവന്തികക്ക് പെന്‍ഷന്‍ ലഭിച്ചാല് കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് സരിത പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പഞ്ചായത്തിലെ ഉദ്യോഗസ്ഥരല്ലെന്നും എങ്കിലും വേണ്ട നടപടി സ്വീകരിക്കാമെന്നുമാണ് പഞ്ചായത്തില് നിന്ന് ലഭിച്ച വിശദീകരണം.