LiveTV

Live

Kerala

ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ വിവാഹത്തിന് ഷംസീര്‍ എംഎല്‍എ എത്തി

ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ വിവാഹത്തിന് ഷംസീര്‍ എംഎല്‍എ എത്തി
Summary
ഷംസീര്‍ വിവാഹത്തിന് എത്തിയതോടെ കൊലയാളികളുമായി സിപിഎമ്മിനുള്ള ബന്ധം കൂടുതല്‍ വ്യക്തമായതായി ആര്‍എംപി

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഷാഫിയുടെ വിവാഹത്തില്‍ പങ്കെടുത്ത എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. മുഖ്യമന്ത്രിയുടെ ദൂതനയാണ് ഷംസീര്‍ വിവാഹത്തില്‍ പങ്കെടുത്തതെന്ന് കുറ്റപ്പെടുത്തി ആര്‍എംപി രംഗത്ത് എത്തി. ക്ഷണിച്ചതിനാലാണ് പങ്കെടുത്തതെന്ന് വിശദീകരിച്ച് ആര്‍എംപിക്ക് ഷംസീര്‍ മറുപടിയും നല്‍കി.

ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഷാഫിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷാഫി പരോളിലാണ് വിവാഹത്തിനായി എത്തിയത്. ചൊക്ലിയില്‍ നടന്ന ചടങ്ങില്‍ തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറും പങ്കെടുത്തിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഷംസീറിന് എതിരെ പ്രചരണവും ആരംഭിക്കുകയായിരുന്നു. ഷംസീറിന്‍റെ നടപടിയോടെ കൊലയാളികളുമായി സിപിഎമ്മിനുള്ള ബന്ധം കൂടുതല്‍ വ്യക്തമായതായി ആര്‍എംപിഐ കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ദൂതനായാണ് എംഎല്‍എ ചടങ്ങിന് എത്തിയതെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു ആരോപിച്ചു

തന്‍റെ മണ്ഡലത്തില്‍ നടന്ന വിവാഹത്തില്‍ ക്ഷണിച്ചതിനാലാണ് പങ്കെടുത്തതെന്നായിരുന്നു എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വിശദീകരണം. താന്‍ ഏത് വിവാഹത്തില്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ആര്‍എംപിയല്ലെന്നും ഷംസീര്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കൊടിയേരിയും വിവാഹത്തില്‍ പങ്കെടുത്തതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്.