LiveTV

Live

Kerala

ഇത് കോമഡി സിനിമയല്ല, ഇന്നസെന്‍റിനെതിരെ കേസെടുക്കണം: രഞ്ജിനി

ഇത് കോമഡി സിനിമയല്ല, ഇന്നസെന്‍റിനെതിരെ കേസെടുക്കണം: രഞ്ജിനി
Summary
താരസംഘടനയായ അമ്മയുടെ അധ്യക്ഷന്‍ ഇന്നസെന്‍റിനെതിരെ കേസെടുക്കണമെന്ന് ഡിജിപിയോടും വനിതാ കമ്മീഷനോടും നടി രഞ്ജിനി

താരസംഘടനയായ അമ്മയുടെ അധ്യക്ഷന്‍ ഇന്നസെന്‍റിനെതിരെ കേസെടുക്കണമെന്ന് ഡിജിപിയോടും വനിതാ കമ്മീഷനോടും ആവശ്യപ്പെട്ട് നടി രഞ്ജിനി രംഗത്ത്. നടിമാര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിട്ടെന്നുവരുമെന്നത് ഉള്‍പ്പെടെയുള്ള പരാമര്‍ശത്തിനെതിരെയാണ് രഞ്ജിനി രൂക്ഷ വിമര്‍ശം ഉന്നയിച്ചത്.

ഇന്നസെന്‍റിന്‍റെ വാര്‍ത്താസമ്മേളനം കണ്ട ശേഷം സങ്കടവും രോഷവും ഞെട്ടലും അടക്കാന്‍ കഴിയുന്നില്ലെന്ന് രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു രാഷ്ട്രീയക്കാരന് വേണ്ട ഒരു ഗുണവും തനിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പാര്‍ലമെന്‍റ് അംഗമായ ഇന്നസെന്‍റ്. അമ്മ തമാശയ്ക്കായുള്ള അസോസിയേഷനല്ല. ഏതെങ്കിലും സിനിമയിലെ കോമഡി സീനില്‍ അഭിനയിക്കുകയല്ല താങ്കള്‍. അതുകൊണ്ട് എത്രയും വേഗം അമ്മ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണം. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് പകരം അമ്മയിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സ്ത്രീകളെ അധിക്ഷേപിച്ചതിന് ഈ ജനപ്രതിനിധിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിജിപിയോടും വനിതാകമ്മീഷനോടും ആവശ്യപ്പെടുകയാണെന്നും രഞ്ജിനി വ്യക്തമാക്കി.

ലൈംഗികതയെക്കുറിച്ചുള്ള നിലപാടും അധ്യക്ഷ പദവി വഹിക്കാനുള്ള കഴിവില്ലായ്മയും തെളിയിക്കപ്പട്ടതിനാല്‍ ഓരോ തവണയും ക്ഷമാപണം നടത്തുന്നതില്‍ കാര്യമില്ലെന്നും രഞ്ജിനി പറയുന്നു. നമ്മുടെ സഹോദരിക്ക് നീതി കിട്ടുംവരെ ഇത് മലയാള സിനിമയുടെ കറുത്തകാലമാണെന്നും രഞ്ജിനി ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.