LiveTV

Live

Kerala

ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള കളിവള്ളങ്ങള്‍ നെഹ്റു ട്രോഫി ബഹിഷ്കരിക്കുമെന്ന്

ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള കളിവള്ളങ്ങള്‍ നെഹ്റു ട്രോഫി ബഹിഷ്കരിക്കുമെന്ന്
Summary
ആനുപാതികമായി പ്രൈസ്‌മണിയും ഗ്രാന്റും നല്‍കാനും ഹീറ്റ്സ്  മത്സരങ്ങള്‍ ഉച്ചയ്ക്ക് ശേഷം നടത്താനും തയ്യാറായില്ലെങ്കില്‍ ജലോത്സവത്തില്‍ പങ്കെടുക്കില്ലെന്നാണ് അസോസിയേഷന്‍ അംഗങ്ങളായ വള്ളമുടമകളുടെ നിലപാട്

ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള കളിവള്ളങ്ങള്‍ ഇത്തവണ നെഹറു ട്രോഫി വള്ളംകളി ബഹിഷ്കരിക്കുമെന്ന് കേരള റെയ്‌സ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍. വെപ്പ് - ഓടി - ചുരുളന്‍ - തെക്കനോടി വിഭാഗങ്ങളില്‍പ്പെട്ട വള്ളങ്ങളെ നെഹറു ട്രോഫി ജലോത്സവത്തില്‍ വര്‍ഷങ്ങളായി അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് അസോസിയേഷന്റെ തീരുമാനം. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് നല്‍കുന്നതിന് ആനുപാതികമായി പ്രൈസ്‌മണിയും ഗ്രാന്റും നല്‍കാനും ഹീറ്റ്സ് മത്സരങ്ങള്‍ ഉച്ചയ്ക്ക് ശേഷം നടത്താനും തയ്യാറായില്ലെങ്കില്‍ ജലോത്സവത്തില്‍ പങ്കെടുക്കില്ലെന്നാണ് അസോസിയേഷന്‍ അംഗങ്ങളായ വള്ളമുടമകളുടെ നിലപാട്.

കഴിഞ്ഞ വര്‍ഷം നടന്ന മത്സര വള്ളംകളിയില്‍ ആകെ പങ്കെടുത്ത 66 വള്ളങ്ങളില്‍ 41 എണ്ണവും വെപ്പ്, ഓടി, ചുരുളന്‍, തെക്കനോടി വിഭാഗങ്ങളില്‍പ്പെട്ടവയായിട്ടും തുടര്‍ച്ചയായി കഴിഞ്ഞ 2 വര്‍ഷം ഈ വള്ളങ്ങള്‍ക്ക് സംരക്ഷണ ഗ്രാന്റ് നല്‍കിയിട്ടില്ലെന്നാണ് വള്ളമുടമകള്‍ പറയുന്നത്. ഹരിപ്പാട് താലൂക്കിലുള്ള ചുണ്ടന്‍ വള്ളങ്ങള്‍ക്ക് മാത്രമാണ് ഈ ഗ്രാന്റ് നല്‍കിയത്. നെഹ്റു ട്രോഫിയില്‍ ഏറ്റവും അവസാനമെത്തുന്ന ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപയും ഫൈനല്‍ റൌണ്ടിലെത്തുന്നവര്‍ക്ക് 5 ലക്ഷം രൂപയും ബോണസായി ലഭിക്കും. പ്രദര്‍ശന മത്സരത്തില്‍ മാത്രം പങ്കെടുക്കുന്ന ചുണ്ടനും ഒരു ലക്ഷത്തി പതിനായിരം രൂപ ബോണസ് നല്‍കും.

പക്ഷേ വെപ്പ്, ഓടി എ ഗ്രേഡ് വള്ളങ്ങള്‍ക്ക് പരമാവധി ലഭിക്കുന്ന ബോണസ് ഒരു ലക്ഷത്തി പതിനായിരം രൂപയാണ്. ചുണ്ടന്‍ വള്ളത്തില്‍ കയറുന്നതിന്റെ മൂന്നില്‍ രണ്ട് തുഴച്ചില്‍ക്കാര്‍ കയറുന്ന വെപ്പ്, ഓടി വള്ളങ്ങള്‍ക്ക് ചുണ്ടന് നല്‍കുന്നതിന്റെ മൂന്നില്‍ രണ്ട് ഭാഗം ബോണസും നല്‍കണമെന്നാണ് വള്ളമുടമകളുടെ പ്രധാന ആവശ്യം. ചുണ്ടന്‍ ഒഴിച്ചുള്ള വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ രാവിലെ കാണികളില്ലാത്തപ്പോള്‍ നടത്തി അവസാനിപ്പിക്കുന്നത് ഇവയുടെ പ്രാധാന്യം കുറക്കുന്നുണ്ടെന്നും മറ്റ് വള്ളങ്ങളുടെയും ഹീറ്റ്സ് മത്സരങ്ങള്‍ ഉച്ച കഴിഞ്ഞ് നടത്തണമെന്നും വള്ളമുടമകള്‍ ആവശ്യപ്പെടുന്നുണ്ട്.