LiveTV

Live

Kerala

ഉദയകുമാർ ഉരുട്ടിക്കൊല: പ്രധാന സാക്ഷി വീണ്ടും കൂറുമാറി

Summary
സിബിഐ പ്രതി ചേർത്ത പൊലീസ് ഉദ്യോഗസ്ഥരെ തനിക്കറിയില്ലെന്ന് സുരേഷ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ മൊഴി നൽകി.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രധാന സാക്ഷി സുരേഷ് വീണ്ടും കൂറുമാറി. സിബിഐ പ്രതി ചേർത്ത പൊലീസ് ഉദ്യോഗസ്ഥരെ തനിക്കറിയില്ലെന്ന് സുരേഷ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ മൊഴി നൽകി. അതേസമയം കസ്റ്റഡി മർദ്ദനത്തിൽ തന്നെയാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്ന് കേസിൽ മാപ്പുസാക്ഷിയായ മുൻ ഹെഡ് കോൺസ്റ്റബിൾ തങ്കമണി കോടതിയിൽ പറഞ്ഞു.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ ഇത് രണ്ടാം തവണയാണ് പ്രധാന സാക്ഷി സുരേഷ് കുറുമാറുന്നത്. സംഭവ ദിവസം ഉദയകുമാറിനൊപ്പം കസ്റ്റഡിയിൽ എടുത്ത ആളായിരിന്നു സുരേഷ്. ഇതേ തുടർന്നാണ് സുരേഷിനെ സിബിഐ ഒന്നാം സാക്ഷിയാക്കിയത്. എന്നാൽ സിബിഐ പ്രതിചേർത്ത ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആരെയും തനിക്കറിയില്ലെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിൽ സുരേഷ് പറഞ്ഞു. കേസിൽ സിബിഐ അന്വേഷണത്തിന് മുൻപും സുരേഷ് കൂറുമാറിയത് വിവാദമായിരുന്നു.

അതിനിടെ അഞ്ചാം സാക്ഷിയായ മുൻ ഹെഡ് കോൺസ്റ്റബിൾ തങ്കമണി വിചാരണ വേളയിൽ ഉദ്യോഗസ്ഥർക്കെതിരെ നിർണ്ണായക മൊഴി നൽകി. ഉദയകുമാർ കസ്റ്റഡി മർദ്ദനത്തിൽ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് തങ്കമണി കോടതിയിൽ പറഞ്ഞു. ഉദ്യോഗസ്ഥർ കസ്റ്റഡി രേഖകളിൽ കൃത്രിമം കാണിക്കാൻ നിർദ്ദേശിച്ചെന്ന് തങ്കമണി നേരത്തെ മൊഴി നൽകിയിരുന്നു. തങ്കമണിയുടെ വിസ്താരം പൂർത്തിയായി. 2005 സെപ്റ്റംബർ 27 നാണ് മോഷണക്കുറ്റം ആരോപിച്ച് ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഉദയകുമാർ കൊല്ലപ്പെടുന്നത്.