LiveTV

Live

Kerala

മദ്യനയത്തിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

മദ്യനയത്തിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം
Summary
എന്നാൽ നയത്തെ നിയമപരമായി നേരിട്ടാലും കോടതിയിൽ അത് നിലനിൽക്കില്ല എന്ന വിലയിരുത്തൽ പ്രതിപക്ഷത്തിനുണ്ട്.

സർക്കാരിന്റെ മദ്യനയത്തിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം.കഴിഞ്ഞ സർക്കാരിന്റെ നയം അട്ടിമറിച്ചുവെന്നാരോപിച്ച് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ക്രിസ്ത്യൻ സഭകളുടെ പിന്തുണയും പ്രതിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ നയത്തെ നിയമപരമായി നേരിട്ടാലും കോടതിയിൽ അത് നിലനിൽക്കില്ല എന്ന വിലയിരുത്തൽ പ്രതിപക്ഷത്തിനുണ്ട്.

ഉമ്മൻ ചാണ്ടി സുധീരൻ തർക്കത്തിന്റെ ഫലമായിരുന്നു സമ്പൂർണ്ണ മദ്യനിരോധനം എന്ന നയമെങ്കിലും യുഡിഎഫ് നേതാക്കളെല്ലാം പിന്നിട് ഈ നയത്തെ പിന്തുണച്ചിരിന്നു. തെരഞ്ഞെടുപ്പ് കാലത്ത് നയം തിരിച്ചടിയുണ്ടാക്കുകയും ചെയ്തതോടെ മദ്യനിരോധനം എന്ന തീരുമാനം തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെ ഒരു മാധ്യമത്തോട് പറഞ്ഞു. എന്നാൽ യുഡിഎഫിന്റെ നയം എൽ ഡി എഫ് പൊളിച്ചെഴുതുമ്പോൾ പ്രതിപക്ഷത്തിന് സ്വാഭാവികമായും പ്രതിഷേധം സംഘടിപ്പിക്കേണ്ടി വരും.വരും ദിവസങ്ങളിൽ അത്തരത്തിലൊരു പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.സർക്കാരിന്റെ മദ്യനയത്തോട് എതിർപ്പുള്ള ക്രിസ്ത്യൻ സഭകളുടെ പിന്തുണ പ്രതിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. സുഗതകുമാരി അടക്കമുള്ളവരുടെ പിന്തുണ കൂടി ലഭിക്കുമ്പോൾ പ്രതിഷേധം ആളിക്കത്തിക്കാൻ കഴിയുമെന്നാണ് യു ഡി എഫിന്റെ വിലയിരുത്തൽ.

എന്നാൽ പുതിയ നയം കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന വിലയിരുത്തലും നേതാക്കൾക്കുണ്ട്. കഴിഞ്ഞ സർക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകൾ കോടതിയെ സമീപിച്ചപ്പോൾ ,നയം രൂപീകരിക്കാനുള്ള അവകാശം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുണ്ടെന്ന് സുപ്രീം കോടതി വ്യക്തയാക്കിയിരിന്നു.പരമോന്നത കോടതിയുടെ മുൻകാല വിധിയുള്ളത് കൊണ്ട് നയത്തെ നിയമപരമായി നേരിടാൻ കഴിയില്ലെന്ന് സുധീരൻ അടക്കമുള്ളവർക്ക് ധാരണയുണ്ട്.