LiveTV

Live

Kerala

പത്തനംതിട്ടയില്‍ കുടിവെള്ളം നിഷേധിച്ച് സ്വകാര്യ വൈദ്യുതനിലയം

പത്തനംതിട്ടയില്‍ കുടിവെള്ളം നിഷേധിച്ച് സ്വകാര്യ വൈദ്യുതനിലയം
Summary
വെള്ളക്കെട്ട് കിണറില്‍ കക്കൂസ് മാലിന്യം കലരാന്‍ കാരണമാകുന്നു

പത്തനംതിട്ട പെരുനാട് മണക്കയം നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ച് സ്വകാര്യ വൈദ്യുത ഉത്പാദന കേന്ദ്രം. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുമ്പോള്‍ കിണറുകളില്‍ കക്കൂസ് മാലിന്യം കലരുന്നതാണ് പ്രശ്നത്തിന് കാരണം. കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ മഴവെള്ളം മാത്രമാണ് ഇപ്പോള്‍ ഇവരുടെ ആശ്രയം.

മധുസൂദനന്‍ പങ്കുവെക്കുന്നത് വെറും ആശങ്കയല്ല ആരോഗ്യവകുപ്പ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലെ വസ്തുതയാണത്. പ്രദേശത്തെ കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച ആരോഗ്യവകുപ്പ് അവ ഉപയോഗയോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാരികയത്ത് പ്രവര്‍ത്തിക്കുന്ന അയ്യപ്പ ഹൈഡല്‍ പവര്‍ പ്രോജക്ട് ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ ഫലമായി പ്രദേശത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടാണ് കുടിവെള്ളം മലിനമാക്കിയത്.

ജലനിരപ്പ് 47 മീറ്റര്‍വരെ ഉയര്‍ത്തുന്നതിന് ഡാം അധികൃതര്‍ക്ക് അനുമതി ഉണ്ട്. എന്നാല്‍ ഇത് പലവട്ടവും ലംഘിക്കപ്പെടുന്നെന്നാണ് ആരോപണം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിരീക്ഷണത്തിന് സംവിധാനം വേണമെന്ന കോടതി നിര്‍ദേശവും പാലിക്കപ്പെടുന്നില്ല

ജലസമൃദ്ധമാണ് മണക്കയം പക്ഷേ കുടിവെള്ളത്തിന് മഴ കനിയണം. പൊതുടാപ്പുകള്‍ പോലും ഇല്ലാത്തതിനാല്‍ ജീവഭയം അവഗണിച്ചും മലിനജയം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാണ് ഇവര്‍, മറ്റ് വഴികളില്ലാത്തത്കൊണ്ടുമാത്രം.