LiveTV

Live

Kerala

നിയമനം വൈകുന്നു; സെന്‍കുമാര്‍ സുപ്രിംകോടതിയിലേക്ക്

നിയമനം വൈകുന്നു; സെന്‍കുമാര്‍ സുപ്രിംകോടതിയിലേക്ക്
Summary
ഒരാഴ്ച കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹരജിയായിരിക്കും നല്‍കുക.

നിയമനം വൈകിയാല്‍ ഡിജിപി ടിപി സെന്‍കുമാര്‍ തിങ്കളാഴ്ച സര്‍ക്കാരിനെതിരെ സുപ്രിംകോടതിയെ സമീപിക്കും. ഒരാഴ്ച കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹരജിയായിരിക്കും നല്‍കുക. അഭിഭാഷകരായ ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി.

ഏഴ് ദിവസം കാത്തിരുന്നിട്ടും നിയമന ഉത്തരവ് പുറത്തിറങ്ങിയല്ലങ്കില്‍ സുപ്രിംകോടതിയെ സമീപിക്കണമെന്ന ഉപദേശമാണ് മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് സെന്‍കുമാറിന് ലഭിച്ചത്. കോടതിലക്ഷ്യ ഹരജിയായിരിക്കും സര്‍ക്കാരിനെതിരെ സുപ്രിംകോടതിയില്‍ നല്‍കുക. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കും. മെയ് ഒമ്പതിന് സുപ്രിംകോടതി മധ്യവേനല്‍ അവധിക്ക് അടക്കുന്ന സാഹചര്യം കൂടി മനസിലാക്കിയാണ് വേഗത്തിലുള്ള നീക്കങ്ങള്‍. ജൂണ്‍ മുപ്പതിന് വിരമിക്കേണ്ടതിനാല്‍ നിയമനം വൈകിയാല്‍ രണ്ട് മാസം പോലും പൊലീസ് മേധാവി സ്ഥാനത്ത് സെന്‍കുമാറിന് ഇരിക്കാന്‍ പറ്റില്ലെന്ന സാഹചര്യവും കണക്കിലെടുക്കുന്നുണ്ട്. കോടതി ഉത്തരവ് അനുസരിച്ച് ലോക്നാഥ് ബെഹ്റക്ക് പൊലീസ് മേധാവി സ്ഥാനത്ത് ഇരിക്കാനാവില്ലെന്നാണ് സെന്‍കുമാറിന്റെ വാദം. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. തിങ്കളാഴ്ച ഫയല്‍ ചെയ്യുന്ന ഹരജി ചൊവ്വാഴ്ച കോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയാല്‍ സര്‍ക്കാരിന് തിരിച്ചടി ഉണ്ടാകുമെന്നാണ് നിയമ സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിന്റേയും നിലപാട്.