LiveTV

Live

Kerala

ജിഷ്ണു പ്രണോയ് കേസില്‍ മുഖ്യമന്ത്രിയോടൊപ്പം: തോമസ് ചാണ്ടി

ജിഷ്ണു പ്രണോയ് കേസില്‍ മുഖ്യമന്ത്രിയോടൊപ്പം: തോമസ് ചാണ്ടി
Summary
ആരെങ്കിലും ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും അന്വേഷണം നടത്തുന്നവരാണ് കേസുകളിലെ പ്രതികളെ തീരുമാനിക്കേണ്ടതെന്നും ഗതാഗത മന്ത്രി തോമസ് ചാണ്ടി

ജിഷ്ണു പ്രണോയ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. ആരെങ്കിലും ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും അന്വേഷണം നടത്തുന്നവരാണ് കേസുകളിലെ പ്രതികളെ തീരുമാനിക്കേണ്ടതെന്നും തോമസ് ചാണ്ടി കുട്ടനാട്ടില്‍ പറഞ്ഞു. സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള നീക്കമെന്ന ആരോപണം ഭയന്നാണ് സംസ്ഥാന പാതകളെ ജില്ലാ പാതകളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ തയ്യാറാവാത്തതെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

ജിഷ്ണു പ്രണോയ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതാണ് ശരിയെന്നും ആരെങ്കിലുമൊക്കെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ സര്‍‍ക്കാര്‍ തയ്യാറാവില്ലെന്നും മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അടിയുറച്ച് നില്‍ക്കുന്നു.

മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി കുട്ടനാട്ടിലെത്തി നാട്ടുകാരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തോമസ് ചാണ്ടി. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീം കോടതി വിധി കേരളത്തിന് വലിയ തിരിച്ചടിയാണെന്നും തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു. കര്‍ണാടകമടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇത് മുന്‍കൂട്ടി കണ്ട് സംസ്ഥാന പാതകളെയെല്ലാം ജില്ലാ പാതകളായി പ്രഖ്യാപിച്ചു. കേരളത്തില്‍ വിധി വന്ന ശേഷമാണ് ഇത് ആലോചിച്ചതെന്നും വിധി മറികടക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ഭയന്നാണ് ഇപ്പോള്‍ അത് ചെയ്യാത്തതെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.