LiveTV

Live

Kerala

സുധീരന് പകരം ആര്?

സുധീരന് പകരം ആര്?
Summary
എം എം ഹസന്‍, വി ഡി സതീശന്‍ എന്നിവര്‍ക്കാണ് പകരം ചുമതല നല്‍കാന്‍ സാധ്യത

വി എം സുധീരന്‍ രാജിവെച്ച ഒഴിവില്‍ താല്‍കാലിക കെപിസിസി പ്രസിഡന്റിന്റെ നിയമനം വരും ദിവസങ്ങളിലുണ്ടാകും. നിലവിലെ വൈസ് പ്രസിഡന്റുമാര്‍ക്കാണ് സാധ്യത. സുധീരന്റെ രാജിയില്‍ ഉള്ളാലെ സന്തോഷിക്കുന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ പ്രസിഡന്റ് സ്ഥാനം പിടിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ആരംഭിച്ചു.

രാജിയില്‍ വി എം സുധീരന്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ രാജി അംഗീകരിച്ച് പകരം ചുമതല നല്‍കുന്നതിലേക്കായിരിക്കും കോണ്‍ഗ്രസ് ഹൈകമാന്‍ഡ് പോവുക. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ തീരുമാനമുണ്ടാകും. വൈസ് പ്രസിഡന്‍റുമാരായ എം എം ഹസന്‍, വി ഡി സതീശന്‍ എന്നിവര്‍ക്കാണ് പകരം ചുമതല നല്‍കാന്‍ സാധ്യത.

ജാതി മത സമവാക്യവും തെരഞ്ഞെടുപ്പില്‍ പരിഗണിക്കും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ തങ്ങളുടെ നീക്കങ്ങള്‍ക്ക് പ്രധാന തടസമായി നിന്ന സുധീരന്‍ മാറിയത് നല്ലതാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍. പുതിയ കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ചര്‍ച്ചകളിലേക്കും ഗ്രൂപ്പുകള്‍ കടന്നിട്ടുണ്ട്. വി എം സുധീരനെ മാറ്റുന്നതിനായി സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇനി ആ ആവശ്യം ശക്തമാക്കില്ല. സമവായത്തിലൂടെ ഒരാളെ കണ്ടെത്തുന്നതിലായിരിക്കും ഇരു ഗ്രൂപ്പിനും താല്പര്യം. പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം ഐ ഗ്രൂപ്പിനായതിനാല്‍ കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്തിന് തങ്ങള്‍ക്ക് സ്വാഭാവികമായ അര്‍ഹതയുണ്ടെന്നാണ് എ ഗ്രൂപ്പിന്‍റെ വാദം.

നായര്‍ വിഭാഗത്തിലുള്ളയാള്‍ പ്രതിപക്ഷ നേതാവയതിനാല്‍ ഈഴവ, ക്രിസ്ത്യന്‍ മുസ്‍ലിം വിഭാഗത്തിലുള്ളയാള്‍ കെ പി സി സി അധ്യക്ഷനാകുമെന്നാണ് കരുതുന്നത്. കെ മുരളീധരന്‍, വി ഡി സതീശന്‍ എന്നിവുടെ സാധ്യത കുറയുന്നത് ജാതി സമവാക്യത്തിലാണ്. കെ സുധാകരന്‍, പി ടി തോമസ്, എം എം ഹസന്‍, കെ സി ജോസഫ് എന്നിവരെക്കൂടാതെ കെ സി വേണഗോപാല്‍, പി സി ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് കേരളത്തിലെ ഗ്രൂപ്പ് നേതൃത്വത്തിന് വഴങ്ങുമോ അതേ തങ്ങളുടെ നോമിനിക്കായി വാദിക്കുമോ എന്നതായിരിക്കും പുതിയ പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ നിര്‍ണായകമാവുക.