LiveTV

Live

Kerala

സദാചാര ഗുണ്ടായിസം ക്രമസമാധാനപാലനത്തിലെ ഗുരുതര വീഴ്ചയെന്ന് സിപിഐ മുഖപത്രം

സദാചാര ഗുണ്ടായിസം ക്രമസമാധാനപാലനത്തിലെ ഗുരുതര വീഴ്ചയെന്ന് സിപിഐ മുഖപത്രം
Summary
സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്നങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതിന് തൊട്ട് പിന്നാലെയാണ് സര്‍ക്കാരിനേയും, ആഭ്യന്തര വകുപ്പിനേയും വിമര്‍ശിച്ച് ജനയുഗം എഡിറ്റോറിയല്‍

പോലീസിനെ നോക്കുകുത്തിയാക്കി സദാചാര ഗുണ്ടായിസം നടന്നത് ക്രമസമാധാനപാലനത്തില്‍ വന്ന ഗുരുതര വീഴ്ചയാണന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സദാചാര പോലീസിങ്ങിന് അനുകൂലമായി ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരെങ്കിലും അറിഞ്ഞോ അറിയാതയോ നിലകൊള്ളുന്നുവെന്നുവെന്ന ആരോപണവും എഡിറ്റോറിയല്‍ ഉന്നയിക്കുന്നു. നരേന്ദ്രമോദി ഭരണത്തില്‍ നടക്കുന്നത് പോലുള്ള കാര്യങ്ങള്‍ എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തില്‍ ഉണ്ടാകാതെ നോക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടന്നും എഡിറ്റോറിയല്‍ ഓര്‍മ്മപ്പെടുത്തുന്നു.

സദാചാര ഗുണ്ടായിസം ക്രമസമാധാനപാലനത്തിലെ ഗുരുതര വീഴ്ചയെന്ന് സിപിഐ മുഖപത്രം

സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്നങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതിന് തൊട്ട് പിന്നാലെയാണ് സര്‍ക്കാരിനേയും, ആഭ്യന്തര വകുപ്പിനേയും വിമര്‍ശിച്ച് ജനയുഗം എഡിറ്റോറിയല്‍. മുന്‍കൂട്ടി അറിയിച്ച് ശിവസേന നടത്തിയ അക്രമം തടയാന്‍ കഴിയാതിരുന്നത് പോലീസിന്റെ വീഴ്ചയാണന്നാണ് കുറ്റപ്പെടുത്തല്‍. ശിവസേന അക്രമത്തിന് പുറമേ എറണാകുളത്തും, തിരുവനന്തപുരത്തും പിങ്ക് പോലീസ് നടത്തിയ സദാചര നടപടികള്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണന്നും എഡിറ്റോറിയല്‍ ആരോപിക്കുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും മറ്റ് ചില കോളേജുകളിലും സദാചാര പോലീസ് ചമഞ്ഞത് വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്നവരാണെന്നത് അസ്വസ്ഥാജനകമെന്നാണ് എസ് എഫ് ഐയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന വിമര്‍ശം. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ ഇനിയും അറച്ച് നില്‍ക്കരുതെന്നും എഡിറ്റോറിയലില്‍ ആവശ്യപ്പെടുന്നു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ നടക്കുന്നത് ഇടത്പക്ഷ ജനാധിപത്യമുന്നണി ഭരിക്കുന്ന കേരളത്തില്‍ നടന്ന് കൂടാത്തതാണെന്നാണ് ഓര്‍മ്മപ്പെടുത്തല്‍. ശിവസേനയെപ്പോലുള്ള തെമ്മാടിക്കൂട്ടങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യതയും ഉത്തരവാദിത്വവും എല്‍ഡിഎഫ് സര്‍ക്കാരിനുണ്ടെന്ന വരികളിലാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.