LiveTV

Live

Kerala

ചാലക്കുടി പുഴയില്‍ ഉപ്പുവെള്ളം; പുത്തന്‍വേലിക്കരയില്‍ ജലവിതരണം മുടങ്ങി

Summary
ആവശ്യത്തിന് വെള്ളമുണ്ടായിട്ടും അത് ഉപയോഗിക്കാനാകാതെ ദുരിതമനുഭവിക്കുകയാണ് എറണാകുളം പുത്തന്‍വേലിക്കര നിവാസികള്‍

സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും അത് ഉപയോഗിക്കാനാകാതെ ദുരിതമനുഭവിക്കുകയാണ് എറണാകുളം പുത്തന്‍വേലിക്കര നിവാസികള്‍. പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ചാലക്കുടി പുഴയിലേക്ക് ഉപ്പുവെള്ളം കയറിയതാണ് കുടിവെള്ള വിതരണം നിലക്കാനുള്ള കാരണം.

പുത്തന്‍വേലിക്കര പഞ്ചായത്തിലെ 17 വാര്‍ഡുകളിലെ 30,000ത്തിലധികമാളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ചാലക്കുടി പുഴയെയാണ്. പഞ്ചായത്തിലെ കണക്കന്‍ക്കടവ് റെഗുലേറ്റര്‍ ഷട്ടറിലെ ചോര്‍ച്ച മൂലം പുഴയിലേക്ക് ഉപ്പുവെള്ളം കയറി വേനല്‍ക്കാലത്ത് കുടിവെള്ള വിതരണം മുടങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ഇത്തവണയും പതിവ് പോലെ മണല്‍ ബണ്ട് നിര്‍മാണം വൈകി.

ദിവസവും 350 രൂപ നല്‍കിയാണ് ടാങ്കര്‍ ലോറികളില്‍ നിന്ന് പഞ്ചായത്തിലുളളവര്‍ വെള്ളം വാങ്ങുന്നത്. ആവശ്യത്തിലേറെ വെള്ളം ലഭ്യമായിട്ടും അധികൃതരുടെ അനാസ്ഥ കാരണം ദാഹിച്ച് വലയേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.